sabarimala


1.ശബരിമല സന്നിധാനത്ത് ഉണ്ടായ സംഘർഷങ്ങളിൽ കണ്ടാലറിയാവുന്ന 150 പേർക്ക് എതിരെ കേസ് എടുത്ത് പൊലീസ്. 70 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവർക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കാനും തീരുമാനം. നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശത്ത് പ്രതിഷേധിച്ചതിനും സംഘർഷത്തിന് ശ്രമിച്ചതിനുമാണ് കേസ്


2. അതിനിടെ, സന്നിധാനത്ത് ഉണ്ടായ പൊലീസ് നടപടിയിൽ വിശദീകരണം തേടി ഡി.ജി.പി ലോക്നാഥ് ബെഹ്ര. ഐ.ജി വിജയ് സാഖറെ, സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസർ പ്രതീഷ് കുമാർ എന്നിവർക്ക് ഡി.ജി.പിയുടെ നോട്ടീസ്. നാമജപ പ്രതിഷേധം നടത്തിയവരെ ബലപ്രയോഗത്തിലൂടെ നീക്കയത് എന്തിനെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കണം. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് സന്നിധാനം സന്ദർശിച്ചില്ലെന്ന് വിജയ് സാഖറെയും വ്യക്തമാക്കണം


3. നാമജപ സമരം നടത്തിയവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യുവമോർച്ച സംസ്ഥാനത്ത് ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണ്. പ്രതികളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ മണിയാർ എ.ആർ ക്യാംപിന് മുന്നിൽ ബി.ജെ.പി സംസ്ഥാന നേതാവ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ നാമജപ പ്രതിഷേധം തുടരുന്നു. സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റു ചെയ്തതിൽ ജുഡീഷ്യൽ അന്വേഷണം വേണം എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള.


4. ശബരിമല സന്നിധാനത്തെ കൂട്ട അറസ്റ്റിലും തീർത്ഥാടകർ അനുഭവിക്കുന്ന അസൗകര്യങ്ങളിലും വാദ പ്രതിവാദങ്ങളുമായി നേതാക്കൾ. പമ്പയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യ ഒരുക്കാത്തതിൽ വിമർശനം ഉന്നയിച്ച കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് എതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കണ്ണന്താനം വസ്തുതകൾ തിരിച്ചറിയണം എന്ന് മന്ത്രി. കേന്ദ്രം അനുവദിച്ച 100 കോടിയിൽ കിട്ടയിത് 18 കോടി മാത്രം


5. ശബരിമലയിലെ സംഘർഷങ്ങൾ ബി.ജെ.പി ആർ.എസ്.എസ് അജണ്ട. ശബരിമലയിൽ അഴിഞ്ഞാടാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി. ആർ.എസ്.എസിനെ ശബരിമല ഏൽപ്പിക്കാൻ ആകില്ല. സന്നിധാനത്ത് പ്രതിഷേധിച്ച രാജേഷ് ആർ.എസ്.എസ് നേതാവ് എന്നും മന്ത്രി. പ്രതികരണം, തീർത്ഥാടകർക്ക് ശുചിമുറി സൗകര്യം ഒരുക്കാത്തതിനാൽ ഉദ്യോഗസ്ഥർക്ക് എതിരെ കണ്ണന്താനം രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെ


6. അതിനിടെ, സന്നിധാനത്തെ അറസ്റ്റിൽ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും അറസ്റ്റ് ചെയ്തവരെ ഉടൻ ജാമ്യത്തിൽ വിടണം എന്നും ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ ഹിറ്റ്ലറാകാൻ ശ്രമം നടത്തുന്നു. ബി.ജെ.പിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ജോലിയാണ് മുഖ്യമന്ത്രിക്ക്. അറസ്റ്റ് ചെയ്തത് ബി.ജെ.പി പ്രവർത്തകരെ മാത്രമല്ലെന്നും ചെന്നിത്തല


7. ശബരിമല വിഷയം ആളിക്കത്തിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയും നിലനിൽപിനായി ശ്രമിക്കുന്ന കോൺഗ്രസും ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്ന സർക്കാറും ഉറ്റുനോക്കുന്നത് സാവകാശ ഹർജിയുടെ ഭാവി. വിധി നടപ്പാക്കുന്നതിൽ സാവകാശം വേണമെന്ന് അഭ്യർഥിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സാവകാശ ഹർജി സുപ്രീംകോടതിയിൽ സമർപ്പിക്കും.


8. പ്രളയവും പ്രക്ഷോഭവും കാരണം നശിച്ച നിലയ്ക്കലും പമ്പയുടെ തീരവും പുനർ നിർമിക്കുന്നതിലും മറ്റും ശ്രദ്ധകേന്ദ്രീകരിച്ചത് കാരണം ഭക്തർക്കു വേണ്ട പ്രാഥമിക ആവശ്യങ്ങൾ അടക്കം ഒരുക്കുന്നത് പൂർണമായും കഴിയുന്നില്ലെന്നത് ആരോപിച്ചാണ് ഹർജി. ഒരു ഭാഗത്ത് സർക്കാറും എൽ.ഡി.എഫും നിലപാട് ആവർത്തിക്കമ്പോൾ മറുഭാഗത്ത് സാവകാശ ഹർജിയിലൂടെ എൻ.എസ്.എസ് ഉൾപ്പെടെ സാമുദായിക ശക്തികളെയും തന്ത്രി, രാജ കുടുംബത്തെയും സമവായ പാതയിലേക്ക് എത്തിക്കുക എന്ന തന്ത്രമാണ് ഭരണപക്ഷം പയറ്റുന്നത്


9. എന്തിനും ഏതിനും സർക്കാറിനെ സമീപിക്കാതെ പ്രായോഗിക സ്വാതന്ത്ര്യം നൽകിയതുവഴി സ്വയംഭരണ സ്ഥാപനമായ ബോർഡിനെ ബന്ദിയാക്കിയെന്ന ആക്ഷേപത്തിൽ നിന്ന് മറികടക്കാൻ സർക്കാരിന് കഴിഞ്ഞു. അതേസമയം, സന്നിധാനം സമര കേന്ദ്രമാക്കാതെ നേതാക്കളെ അറസ്റ്റ് ചെയ്തതോടെ വൃശ്ചികം ഒന്നിനു തന്നെ ഹർത്താൽ പ്രഖ്യാപിച്ച ബി.ജെ.പിയും പരിവാർ സംഘടനകളും സർക്കാറിന്റെ കെണിയിൽ വീണെന്ന ആക്ഷേപം ആർ.എസ്.എസ് നേതാക്കൾക്കുണ്ട്. ഒടുവിൽ എടുക്കേണ്ട സമരതന്ത്രം ആദ്യമേ പ്രയോഗിമച്ചതോടെ കെ. സുരേന്ദ്രന്റെ അറസ്റ്റിലെ പ്രതിഷേധം റോഡ് ഉപരോധമായി ചുരുക്കേണ്ടിവന്നത് അവർ ചൂണ്ടിക്കാട്ടുന്നുണ്ട്


10. ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഹിന്ദുക്കളെ വിലക്കണം എന്ന ടി.ജി. മോഹൻദാസിന്റെ ഹർജിയിൽ ഇന്നും വാദം തുടരും. ശബരിമല മതേതര ക്ഷേത്രം എന്നും അതിനാൽ അഹിന്ദുക്കളെ വിലക്കാൻ ആകില്ലെന്നും കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. നിലയ്ക്കലിലെ അക്രമസംഭവങ്ങളിൽ കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകി


11. ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയിൽ നടന്ന സംഭവങ്ങളെ കുറിച്ചുള്ള സ്‌പെഷ്യൽ കമ്മിഷൻ റിപ്പോർട്ട്, പ്രളയാനന്തര പ്രവർത്തനങ്ങൾ വേഗത്തിൽ അല്ലെന്ന റിപ്പോർട്ട് എന്നിവയും ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ഉണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി പി.സി ജോർജ് എം.എൽ.എ നൽകിയ ഹർജിക്ക് ഒപ്പം ശബരിമലയിലെ അനിഷ്ട സംഭവങ്ങളിൽ ദേവസ്വം ഓംബുഡ്സ്മാന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളും കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്