high-court

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ശബരിമലയിലെ പൊലീസ് നടപടിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാൻ പൊലീസിന് എന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് വിമർശനം.

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പൊലീസ് അതിക്രമം നടത്തുകയാണെന്ന് കോടതി വിമർശിച്ചു. പൊലീസ് നടപടിയിൽ എതിർപ്പ് അറിയിച്ച കോടതി ഇതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഉത്തരവിട്ടിട്ടുണ്ട്. പൊലീസ് അതിക്രമത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും അടക്കമുള്ളവർക്കും മർദ്ദനമേറ്റെന്നും കോടതി വിമർശിച്ചു.

ഭക്തരെ ബന്ധിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കരുതെന്നും ശബരിമലയിൽ ഇത്ര കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതിന്റെ സാഹചര്യമെന്തെന്ന് വിശദീകരിക്കാനും കോടതി ആശ്യപ്പെട്ടിട്ടുണ്ട്.

ശബരിമലയിൽ നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പൂർണമായ വിവരങ്ങൾ നൽകണം. ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം അവർക്ക് ലഭിച്ചിട്ടുണ്ടോ എന്നകാര്യം വ്യക്തമാക്കാനും കോടതി നിർദ്ദേശിച്ചു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിയോഗിച്ചിരിക്കുന്ന പൊലീസുകാർക്ക് ശബരിമല ഡ്യൂട്ടിയിലുള്ള പരിചയം എന്തെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.