supreme-court

ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഭരണഘടനാ ബെഞ്ചിന്റെ വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇപ്പോൾ പരിഗണിക്കാൻ ആവില്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതി. ജനുവരി 22ന് ഇതുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട ഒരാവശ്യവും പരിഗണിക്കില്ലെന്ന് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയി വ്യക്തമാക്കി. അയ്യപ്പഭക്തരുടെ ദേശീയ കൂട്ടായ്‌മയാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ശബരിമല നട തുറന്നതിനാൽ യുവതീ പ്രവേശനം സ്‌റ്റേ ചെയ്യണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതിയുടെ അ‌ഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മാത്രമേ അധികാരമുള്ളൂ എന്നും ചീഫ് ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി.

അതേസമയം, യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ സാവകാശം തേടി ദേവസ്വം ബോർഡ് സമർപ്പിക്കുന്ന ഹർജിയും കോടതി പരിഗണിച്ചേക്കില്ലെന്നാണ് സൂചന. ചീഫ് ജസ്‌റ്റിസിന്റെ ഇന്നത്തെ പരാമർശങ്ങൾ ഇതിന്റെ സൂചനയാണെന്നും നിയമവൃത്തങ്ങൾ വിശദീകരിക്കുന്നു. ദേവസ്വം ബോർഡിന്റെ സാവകാശ ഹർജി ഇന്ന് തന്നെ കോടതിയിൽ സമർപ്പിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയായെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു.