''എന്തിനാ അച്ഛാ ഫോൺ?' രാഹുൽ രാജസേനനെ തുറിച്ചു നോക്കി.
''പറയാം. ആദ്യം നിന്റെ ഗാംഗിൽ ഉള്ള ആരെയെങ്കിലും വിളിക്ക്.'
രാഹുൽ ഒരാളെ വിളിച്ചു. അരമണിക്കൂറിനുള്ളിൽ ആൾ എത്തി.
രാജസേനൻ ഫോൺ അയാൾക്കു കൈമാറി. സൈലന്റ് മോഡിൽ ആക്കിയിട്ട്. ശേഷം നിർദ്ദേശിച്ചു.
''നീ കൊട്ടാരക്കരയ്ക്കു പോകണം.''
അവിടെ നിന്ന് വെളുപ്പിന് വേളാങ്കണ്ണിക്കു പോകുന്ന ഫാസ്റ്റ് പാസഞ്ചർ ഉണ്ട്. അതിന്റെ ഏതെങ്കിലും സീറ്റിനടിയിൽ ഒരു പ്ലാസ്റ്റർ കൊണ്ടോ ഇൻസുലേഷൻ ടേപ്പുകൊണ്ടോ ഫോൺ ഒട്ടിച്ചുവയ്ക്കണം. രാവിലെ ആയതിനാൽ ആരും ശ്രദ്ധിക്കാനിടയില്ല...'
അയാൾ അപ്പോൾതന്നെ പോയി. അതിനുശേഷമാണ് രാജസേനൻ വിശദീകരിച്ചത്:
''ആ ചെറുക്കൻ ചത്ത നിലയ്ക്ക് മനുശങ്കറെ കസ്റ്റഡിയിലെടുക്കാൻ മുഖ്യൻ ഉത്തരവിടും. അതിലൂടെ രണ്ട് കാര്യങ്ങളാവും അയാൾ ലക്ഷ്യം വയ്ക്കുക. ഒന്ന് ഞാനും മനുവും തമ്മിലുള്ള അടുപ്പം പുറംലോകത്തെ അറിയിച്ച് എന്നെ കൂടുതൽ നാറ്റുക. രണ്ട് ഇപ്പോൾ മുഖ്യനു മേൽ വന്നിരിക്കുന്ന സത്യന്റെ കൊലപാതകത്തിൽ നിന്ന് മാദ്ധ്യമങ്ങളെ വഴിതിരിച്ചു വിടുക.
സൈബർ പോലീസ് മനുശങ്കറുടെ ഫോണിനു പിന്നാലെ പൊയ്‌ക്കൊള്ളും. മനു തമിഴ്നാട്ടിലേക്കു കടന്നതായി വിചാരിച്ചോളും. അപ്പോൾ പിന്നെ മുൻകൂർ ജാമ്യത്തിനു ശ്രമിക്കാൻ നമുക്ക് മുന്നിൽ സമയമുണ്ട്.'
ആ ആശയം മനുശങ്കർക്ക് ഇഷ്ടമായി.
''തൽക്കാലം മനു ഈ രാത്രി ഇവിടെത്തന്നെ കഴിയുക. നാളെ നമുക്ക് സുരക്ഷിതമായ ഒരു ഷെൽട്ടർ ഒരുക്കാം.'
മനുശങ്കറെ, രാഹുലിനെ കൂട്ടി അയാൾ ഗസ്റ്റ് റൂമിലേക്കയച്ചു. ചുട്ടിപ്പാറയിൽ എന്തു സംഭവിച്ചു എന്നറിയാതെ മനസ്സ് വീർപ്പുമുട്ടി.
അപ്പോൾ സ്പാനർ മൂസയുടെ മെസേജ് വന്നു.
അത് വായിച്ചു നോക്കിയ രാജസേനൻ വിയർക്കാൻ തുടങ്ങി.
അടുത്ത ദിവസം....
''ദേ. ഇതു കണ്ടോ?'
സാവിത്രിയുടെ ചോദ്യം കേട്ടാണ് രാജസേനൻ ഉറക്കമുണർന്നത്. നോക്കുമ്പോൾ പത്രം നീട്ടിക്കൊണ്ട് ഭാര്യ നിൽക്കുന്നു.
അയാൾ പെട്ടെന്ന് എഴുന്നേറ്റിരുന്നു. വാർത്തയിലൂടെ കണ്ണോടിച്ചു.
ഞെട്ടിപ്പോയി...
കരടിവാസുവിന്റെ കൊലപാതകവുമായി ബന്ധപ്പെടുത്തി സ്പാനർ മൂസയുടെ ഫോട്ടോ!
മൂസയെ അയച്ചത് താനാണെന്ന് വ്യംഗ്യമായ രീതിയിൽ പ്രതിപാദിച്ചിരിക്കുന്നു!
മറ്റൊന്ന് 'കിളിമാനൂരിലെ പോലീസ് കൊലയാളി' എന്ന പേരിൽ ഡിവൈ.എസ്.പി മനുശങ്കറെക്കുറിച്ചുള്ള ന്യൂസ്!
തന്റെ ശരീരം ചുട്ടു പഴുക്കുന്നതായി തോന്നി രാജസേനന്. എങ്കിലും നേരിയ ആശ്വാസം തോന്നി. ചുട്ടിപ്പാറയിലെ സംഭവം ഏതായാലും പത്രത്തിലില്ല...
എന്തുകൊണ്ടാണ് അരുണാചലം ആ വാർത്ത പുറത്തുവിടാത്തതെന്ന് എത്ര ചിന്തിച്ചിട്ടും അയാൾക്കു മനസ്സിലായില്ല.
രാവിലെ 10 മണി.
എസ്.പി അരുണാചലത്തിന്റെ ഓഫീസ്.
തലേന്നു രാത്രിയിൽ തന്നെ രക്ഷിച്ച അഞ്ച് എസ്.ഐമാരെയും അവിടേക്ക് വിളിപ്പിച്ചിരിക്കുകയാണ് അരുണാചലം.
''സാർ... ഞങ്ങളുടെ സംഘത്തിൽ ഒരാൾ കൂടിയുണ്ട്.'
എസ്.ഐ ബിന്ദുലാൽ ഭവ്യതയോടെ അറിയിച്ചു.
''അതാരാ?' എസ്.പിയുടെ കണ്ണുകൾ വികസിച്ചു.
''പിങ്ക് പോലീസ് എസ്.ഐ വിജയ. അവരാണ് രാജസേനൻ സാറിനെ ഫോണിൽ വിളിച്ചത്. അതുകൊണ്ടാണ് ഞങ്ങൾക്ക് പ്രവർത്തിക്കാനുള്ള സമയം കിട്ടിയത്. അല്ലെങ്കിൽ അവർ സാറിനെ ....' ബിന്ദുലാൽ പൂർത്തിയാക്കാതെ നിർത്തി.
''പിന്നെന്താ അവരെക്കൂടി ഇങ്ങോട്ടു വിളിക്കാത്തത് ?' എസ്.പി തിരക്കി.
''അവർ താഴെയുണ്ട്. സാറിന്റെ പെർമിഷൻ കിട്ടിയിട്ട്....'
അരുണാചലം പുഞ്ചിരിച്ചു.
''എങ്കിൽ വിളിക്ക്.'
ബഞ്ചമിൻ, വിജയയ്ക്ക് മെസേജ് നൽകി.
രണ്ടുമിനിട്ടിനുള്ളിൽ അവൾ എസ്.പിക്ക് മുന്നിൽ അറ്റൻഷനായി.
''എസ്.പി എല്ലാവർക്കും ചായ വരുത്തിക്കൊടുത്തു. അല്പനേരത്തെ സൗഹൃദ സംഭാഷണം. തുടർന്ന് അരുണാചലം പറഞ്ഞു:
''നിങ്ങൾ ആറുപേരെയും ചേർത്ത് ഞാൻ ഒരു ഇൻവസ്റ്റിഗേഷൻ ടീം ഫോം ചെയ്യാൻ ആഗ്രഹിക്കുന്നു. ഇന്നത്തെ കാലത്ത് നിങ്ങൾ ചെറുപ്പക്കാരാണ് അതിന് യോഗ്യർ. എന്തു പറയുന്നു?'
അവർക്കു സമ്മതമായിരുന്നു.
അതിനിടെ വിജയ ചോദിച്ചു.
''രാജസേനൻ സാറിനെതിരെ കേസെടുക്കുന്നില്ലേ സാർ?'
എസ്.പി ഒരു നിമിഷം മൗനം. പിന്നെ ചുണ്ടനക്കി.
''എന്റെ കാര്യത്തിൽ വേണ്ടാ. അത് എനിക്കുകൂടി ഷെയിമാകും. പക്ഷേ നമ്മൾ കുരുക്കും അയാളെ. ഊരിപ്പോരാൻ പറ്റാത്ത വിധത്തിൽ. ബൈ ദി ബൈ ഞാൻ നിങ്ങളെ ആദ്യത്തെ കേസ് ഏൽപ്പിക്കുകയാണ്. ഓപ്പറേഷൻ സ്പാനർ മൂസ!
അവനെ എനിക്ക് വേണം.'
അതൊരു കൽപ്പനയായിരുന്നു! (തുടരും)