bjp-circular
ശബരിമലയിലേക്ക് പരമാവധി പ്രവർത്തകരെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പുറത്തിറക്കിയ സർക്കുലർ

തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിന് ഓരോ മണ്ഡലത്തിൽ നിന്നും പരമാവധി പ്രവർത്തകരെ അയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തയ്യാറാക്കിയ സർക്കുലർ പുറത്തായി. മൂന്ന് നിയോജക മണ്ഡലങ്ങൾക്കായി ഓരോ ജില്ലാ ഭാരവാഹിയെ ചുമതലക്കാരനാക്കിയാണ് പ്രവർത്തകരെ ശബരിമലയിലെത്തിക്കാൻ നീക്കം നടക്കുന്നത്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്‌ണന്റെ പേരിലാണ് സർക്കുലർ. എന്നാൽ ഇക്കാര്യത്തോട് ബി.ജെ.പി നേതൃത്വം പ്രതികരിച്ചിട്ടില്ല.

അതേസമയം, സർക്കുലർ സംസ്ഥാനത്ത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളെ വിശ്വാസികൾ കരുതിയിരിക്കണം. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിന് എതിരല്ല തങ്ങളുടെ സമരമല്ലെന്നാണ് ഇപ്പോൾ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പറയുന്നത്. ശബരിമലയിൽ നേരത്തെയുണ്ടായ സംഘർഷങ്ങൾക്ക് പിന്നിലും ആർ.എസ്.എസ് ക്രിമിനലുകളാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം

ശബരിമലയിൽ ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വിവിധ നിയോജക മണ്ഡലം കമ്മിറ്റികൾക്ക് നേതാക്കളുടെ പേരും പ്രവർത്തരുടെ എണ്ണവും നിശ്ചയിച്ച് ബി.ജെ.പി സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ സർക്കുലർ മാധ്യമങ്ങളിലൂടെ കേരളമാകെ കണ്ടു. ശബരിമലയിൽ ആസൂത്രിതമായ കുഴപ്പമുണ്ടാക്കാൻ ലക്ഷ്യമിട്ട് നടത്തിയ വലിയ ഗൂഢാലോചനയാണ് ഇതിലൂടെ പുറത്തു വരുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ബി.ജെ.പി നടത്തുന്ന കലാപശ്രമങ്ങളെ വിശ്വാസികൾ കരുതിയിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.


യുവതീപ്രവേശന വിധി നടപ്പാക്കാൻ സാവകാശം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് ദേവസ്വം ബോർഡ് ബഹു:സുപ്രീംകോടതിയെ സമീപിക്കുകയാണെന്ന് വ്യക്തമാക്കിയിട്ടും സന്നിധാനത്തും പരിസരത്തും കലാപമഴിച്ച് വിടാൻ ഡിസംബർ 15 വരെ സർക്കുലർ വഴി ആളെ നിശ്ചയിച്ച് ബി.ജെ.പി സംഘർഷം ഉണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ്.


സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെയല്ല തങ്ങളുടെ സമരമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഇപ്പോൾ പറയുന്നത്. യുവതീപ്രവേശനം അനുവദിക്കണമെന്ന് ആദ്യം പറയുകയും വിധി വന്നപ്പോൾ സ്വാഗതം ചെയ്യുകയും മുതലെടുക്കാനാവുമെന്ന് കപ്പോൾ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ബി.ജെ.പി നേതാക്കൾ യഥാർത്ഥ ഭക്തരെ അവഹേളിക്കുകയാണ്.
ഇന്നലെ രാത്രി ഹരിവരാസനം പാടി നട അടച്ചശേഷവും ഭക്തരെന്ന വ്യാജേന സന്നിധാനത്ത് പ്രകടനം നടത്തുകയും ബഹളം വയ്ക്കുകയും ചെയ്തവർ ആരെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമാവുകയാണ്. ഇതേ ആർ.എസ്.എസ് ക്രിമിനലുകൾ തന്നെയാണ് ചിത്തിര ആട്ടവിശേഷം ദിവസം പേരകുട്ടിയുമായി വന്ന 52കാരിയെ ആക്രമിച്ച സംഘത്തെ നയിച്ചതുമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സുഗമമായ ശബരിമല തീർഥാടനത്തിന് തടസ്സം നിൽക്കുന്ന ബി.ജെ.പിആർ.എസ്.എസ് തീവ്രവാദികളെ നിയന്ത്രിക്കേണ്ടതുണ്ട്.