സന്നിധാനം: ശബരിമലയിലെ നടപടികളുടെ പേരിൽ ഹൈക്കോടതിയിൽ നിന്ന് രൂക്ഷമായി വിമർശം കേട്ടിട്ടും അതൊന്നും തന്നെ തങ്ങളെ തെല്ലും ബാധിക്കുന്നതല്ലെന്ന നിലപാടിലാണ് കേരള പൊലീസിലെ ചിലർ. ഏറ്റവും ഒടുവിലായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തന്നെ ഫോട്ടോഗ്രാഫർക്ക് നേരെയായിരുന്നു 'പൊലീസ് രാജ്'.
ഇന്ന് ഉച്ചയ്‌ക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ശബരിമലയിലത്തിയപ്പോഴായിരുന്നു സംഭവം. ദർശനത്തിനായി ശശികല സോപാനത്ത് പ്രവേശിച്ചപ്പോൾ ദേവസ്വം ബോർഡിന്റെ ഫോട്ടോഗ്രാഫർ പിന്നാലെ എത്തി. എന്നാൽ സോപാനത്തെ ഡ്യൂട്ടി ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ, 'താനാരാ ഇതിനകത്ത് കയറാൻ' എന്ന് ആക്രോശിച്ച് പുറത്തേക്കെത്തി. താൻ ദേവസ്വം ബോർഡിന്റെ സ്ഥിരം ജീവനക്കാരനാണെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥൻ ഫോട്ടോഗ്രാഫറെ പുറത്തേക്ക് ആഞ്ഞുതള്ളുകയായിരുന്നു.
പിന്നീട് ഐ.ഡി കാർഡുമായി എത്തി ഇതേ ഉദ്യോഗസ്ഥനെ കാണിച്ചപ്പോഴും, 'നീ ഇത് നേരത്തെ എന്താടാ കാണിക്കാത്തത്' എന്ന് ചോദിച്ച് ശകാരമായിരുന്നു. കൊടിമരത്തിന് മുന്നിൽ നിന്ന് 'നീ ഒരു കോപ്പും കാണിക്കണ്ട' എന്ന് പറഞ്ഞ് ശകാരം തുടരുകയായിരുന്നു. കാര്യം തിരക്കിയ മാദ്ധ്യമ പ്രവർത്തകരോടും തീർത്തും മോശവും ഭീഷണിയുടെ സ്വരത്തിലുമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ പ്രതികരണം. 'കൂടുതൽ പേടിപ്പിക്കാൻ വരല്ലേ, നിങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല. നടപടി നേരിടേണ്ടി വരും' എന്നായിരുന്നു ഭീഷണി. പൊലീസിന്റെ ഈ സമീപനത്തിൽ ഭക്തരും കടുത്ത ആശങ്കയിലാണ്.
അതേസമയം, ഇന്നലെ സന്നിധാനത്ത് നടന്ന പൊലീസ് നടപടിയിൽ രൂക്ഷമായ വിമർശമാണ് ഹൈക്കോടതിയിൽ നിന്നുമുണ്ടായത്. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാൻ പൊലീസിന് എന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതായിരുന്നു വിമർശം.
ഭക്തരെ ബന്ധിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കരുതെന്നും ശബരിമലയിൽ ഇത്ര കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് എന്തിനാണെന്നും കോടതി ചോദിച്ചു. ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതിന്റെ സാഹചര്യമെന്തെന്ന് വിശദീകരിക്കാനും കോടതി ആശ്യപ്പെട്ടിട്ടുണ്ട്.
ശബരിമലയിൽ നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പൂർണമായ വിവരങ്ങൾ നൽകണം. ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം അവർക്ക് ലഭിച്ചിട്ടുണ്ടോ എന്നകാര്യം വ്യക്തമാക്കാനും കോടതി നിർദ്ദേശിച്ചു. നിലയ്‌ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിയോഗിച്ചിരിക്കുന്ന പൊലീസുകാർക്ക് ശബരിമല ഡ്യൂട്ടിയിലുള്ള പരിചയം എന്തെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.