ശബരിമല: പൊലീസ് ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രങ്ങളും ഇന്നലെ സന്നിധാനത്ത് ഉണ്ടായ സംഘർഷവും കാരണം ഇന്ന് വെളുപ്പിന് നിർമ്മാല്യദർശനത്തിന് ഉണ്ടായിരുന്നത് അൻപതിൽ താഴെ ഭക്തർ. ശബരിമലയുടെ തീർത്ഥാടന ചരിത്രത്തിൽ നിർമ്മാല്യ സമയത്ത് തീർത്ഥാടകരില്ലാത്ത അവസ്ഥ ഇതാദ്യം. പുലർച്ചെ മൂന്നിന് നട തുറക്കുമ്പോൾ ശ്രീകോവിലിന് മുന്നിൽ ഉണ്ടായിരുന്നത് സോപാനം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ മാത്രമാണ്. രാത്രി 9ന് ശേഷം പമ്പയിലെത്തിയ അൻപതിൽ താഴെ ഭക്തർ മാത്രമാണ് ഒന്നരയോടെ പമ്പയിൽ നിന്ന് മലകയറി നട തുറന്ന സമയത്ത് സന്നിധാനത്ത് എത്തിയത്. ഇന്നലെ അറസ്റ്റ് ചെയ്തവരെ പമ്പയിൽ നിന്ന് പുലർച്ചെ മണിയാർ ക്യാമ്പിലേക്ക് കൊണ്ടുപോയി സ്ഥിതിഗതികൾ ശാന്തമെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് നിലയ്ക്കൽ മുതൽ കിലോമീറ്ററുകളോളം തടഞ്ഞിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ പമ്പയിലേക്ക് കടത്തിവിട്ടത്. ഇവർ സന്നിധാനത്ത് എത്തിയത് രാവിലെ ഏഴോടെയാണ്. ഈ സമയം അത്രയും സന്നിധാനവും പരിസരവും പൂർണമായും ശൂന്യമായിരുന്നു.