തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ ക്രിമിനൽ കേസ് പ്രതികളായുള്ളത് 1,137 പേരെന്ന് റിപ്പോർട്ട്. കൊലപാതക ശ്രമമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലുൾപെട്ട 10 ഡിവൈ.എസ്.പിമാരും 46 സി.ഐമാരും പട്ടികയിലുണ്ട്. എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ളവർ 230. ഏറ്റവുമധികം തിരുവനന്തപുരത്ത് ജോലി ചെയ്യുന്നവർ- 215. കൊലപാതകശ്രമം, സ്ത്രീധന പീഡനം, കൈക്കൂലി, പരാതിക്കാരെ ഉപദ്രവിക്കൽ, കസ്റ്റഡി മർദ്ദനം തുടങ്ങിയ കേസുകളിലുൾപെട്ടവരാണ് ഇവർ.
ഒന്നും ചെയ്തില്ല
ഏഴുവർഷം മുമ്പ് ഹൈക്കോടതി നിർദേശ പ്രകാരമാണ് ക്രിമിനൽ വാസനയുള്ള പൊലീസുകാരുടെ പട്ടിക ആഭ്യന്തര വകുപ്പ് തയ്യാറാക്കിയത്. ഇതിനായി എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അദ്ധ്യക്ഷനാക്കി കമ്മിറ്റി രൂപീകരിച്ചു.
എ,ബി,സി,ഡി എന്നിങ്ങനെ നാല് കാറ്റഗറികളായി തിരിച്ച് കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് ഇവർക്കെതിരെ ശിക്ഷണ - അച്ചടക്ക നടപടികൾ കൈക്കൊള്ളാനായിരുന്നു തീരുമാനം. എന്നാൽ, കാര്യമായ തുടർ നടപടി ഉണ്ടായില്ല.
നടപടി പത്തിൽ താഴെ
പട്ടികയിൽ ഉള്ളവരിൽ 59പേർ ഗുരുതര കുറ്റകൃത്യങ്ങളിലുൾപ്പെട്ടവരാണെന്ന് കണ്ടെത്തിയെങ്കിലും ഇതിൽ പത്തിൽ താഴെ പേർക്കെതിരെ മാത്രമാണ് നടപടിയുണ്ടായത്. മറ്റുള്ളവർക്കെതിരെ നിയമോപദേശം തേടലും നടപടികളും തുടർന്ന് വരികയാണെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള വിശദീകരണം. അതേസമയം, കുറ്രവാളികളായ പൊലീസുകാരുടെ രാഷ്ട്രീയ - ഭരണ സ്വാധീനമാണ് നടപടികൾ ഒച്ചുതോൽക്കും വേഗത്തിൽ ഇഴയാൻ കാരണമെന്നാണ് ആക്ഷേപം.
കുടുംബാംഗങ്ങളുമായുള്ള വസ്തുതർക്കത്തിൽ പരാതിക്കാരിയായ യുവതിയെ നീതി ലഭ്യമാക്കാമെന്ന് ഉറപ്പ് നൽകി ക്വാർട്ടേഴ്സിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനും വധശ്രമക്കേസിൽ പ്രതികളായ എസ്.പിയും ഡിവൈ.എസ്.പിയുംവരെ പട്ടികയിലുണ്ട്.
ലോക്കപ്പ് മർദ്ദനത്തിന്റെ പേരിൽ ഒന്നര വർഷത്തിനിടെ പത്ത് പൊലീസുകാർക്കെതിരെയാണ് കേസെടുത്തത്.
പൊലീസ് പൊതുജനങ്ങളെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 26 കേസുകൾ.
ഈ സർക്കാർ വന്നശേഷം സ്വഭാവദൂഷ്യത്തിനും അഴിമതിക്കുമായി 485 പേർക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു.
ഇവരിൽ പലർക്കും ക്രമസമാധാന പാലനമോ പ്രധാന പദവികളോ നൽകാൻ പാടില്ലെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ടെങ്കിലും മിക്കവരും താക്കോൽ സ്ഥാനങ്ങളിൽ എത്തിയെന്ന ആക്ഷേപമുണ്ട്.
നടപടി സ്വീകരിക്കുന്നു
പട്ടിക പ്രകാരം നടപടികൾ സ്വീകരിച്ച് വരികയാണ്. പട്ടികയിലുൾപ്പെട്ടിട്ടുണ്ടെന്ന് കരുതി അവരെ സേനയ്ക്ക് പുറത്താക്കാൻ കഴിയില്ല. കുറ്റം കോടതി മുമ്പാകെ തെളിയിക്കപ്പെട്ടാൽ കർശന നടപടിയുണ്ടാകും. ഹെഡ് ക്വാർട്ടേഴ്സ് ഐ.ജി ദിനേന്ദ്ര കശ്യപിന്റെ മേൽനോട്ടത്തിലാണ് വകുപ്പ് തല നടപടികൾ കൈക്കൊള്ളുന്നത്.
എസ്.അനന്ത കൃഷ്ണൻ,
എ.ഡി.ജി.പി , ഹെഡ് ക്വാർട്ടേഴ്സ്