ആലുവ: യൂണിയൻ ബാങ്ക് ആലുവ ശാഖ അസിസ്റ്റന്റ് മാനേജർ അങ്കമാലി സ്വദേശിനി സിസ് മോൾ (36) ലോക്കറിൽ സൂക്ഷിച്ചിരുന്ന രണ്ടര കോടിയോളം രൂപയുടെ സ്വർണവുമായി മുങ്ങി. ബാങ്കിൽ നിന്നും സ്വർണ പണയത്തിന്മേൽ ഈടായി സ്വീകരിച്ച 128 പേരുടെ 8,852 ഗ്രാം സ്വർണമാണ് കാണാതായത്. ഇവരുടെ ഭർത്താവിനെയും കാണാതായിട്ടുണ്ട്.
ശനിയാഴ്ച രാത്രി ബാങ്ക് മാനേജർ ഷൈജി നൽകിയ പരാതിയെ തുടർന്ന് ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസ് മോളും ഭർത്താവും ബാംഗ്ലൂരിലുണ്ടെന്ന സൂചനയെ തുടർന്ന് പൊലീസ് ഇന്ന് വൈകിട്ട് ബാംഗ്ലൂരിലേക്ക് തിരിക്കുമെന്ന് സി.ഐ വിശാൽ ജോൺസൺ 'കേരളകൗമുദി ഫ്ളാഷ്'നോട് പറഞ്ഞു. ബാങ്കിൽ പണയമായി വച്ച സ്വർണം കൈക്കലാക്കിയ ശേഷം അതേരൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം തിരികെ വെയ്ക്കുകയായിരുന്നു. പലപ്പോഴായാണ് ഇത്രയധികം സ്വർണം കവർന്നത്. പണമടച്ച് സ്വർണാഭരണങ്ങൾ തിരിച്ചെടുക്കാനെത്തിയ ഒരാൾ സ്വർണം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
തുടർന്ന് ലോക്കറുകൾ വിശദമായി പരിശോധിച്ചപ്പോൾ 128 പേരുടെ കവറുകളിൽ മുക്കുപണ്ടങ്ങളാണെന്ന് വ്യക്തമായി. ഒന്നോ രണ്ടോ ദിവസം കൊണ്ട് നടത്താവുന്ന തട്ടിപ്പല്ലെന്നും മാസങ്ങളായി നടത്തിയ തട്ടിപ്പാണെന്നുമാണ് പൊലീസ് കരുതുന്നത്. ബാങ്കുമായി ബന്ധപ്പെട്ട മറ്റാർക്കെങ്കിലും തട്ടിപ്പിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. ഇന്ന് ബാങ്കിലെ മറ്റ് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യും. പല സഹകരണ ബാങ്കുകളിലും ഇത്തരം തട്ടിപ്പുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇടയ്ക്ക് പണയ ഉരുപ്പടികൾ പരിശോധിക്കക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുള്ളതാണ്.
ആറ് വർഷം മുമ്പ് എടയറിലെ മറ്റൊരു ദേശസാത്കൃത ബാങ്കിൽ സമാന തട്ടിപ്പ് നടന്നിരുന്നു. ഈ കേസിലെ പ്രതി ജയിലിൽ നിന്നിറങ്ങിയ ശേഷം ആർഭാട ജീവിതം നയിക്കുകയാണ്.