കൊച്ചി: സർക്കാരിനെതിരെയും പൊലീസിനെതിരെയും ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെ അഡ്വക്കേറ്റ് ജനറൽ (എ.ജി) ഹൈക്കോടതിയിൽ ഹാജരായി. ശബരിമലയിൽ പ്രശ്നമുണ്ടാക്കാൻ ആസൂത്രിത ശ്രമം നടന്നിട്ടുണ്ടെന്ന് എ.ജി ഹൈക്കോടതിയെ അറിയിച്ചു. നടപ്പന്തലിൽ പ്രശ്നുമുണ്ടാക്കിയത് ആർ.എസ്.എസുകാരും ഹിന്ദുഐക്യവേദി പ്രവർത്തകരുമാണ്. ഇവരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ശബരിമലയിൽ സംഘമായി എത്തണമെന്ന ബി.ജെ.പി സർക്കുലർ എ.ജി കോടതിയിൽ സമർപ്പിച്ചു. എന്നാൽ എല്ലാ പാർട്ടികൾക്കും പല അജണ്ടകൾ കാണുമെന്നും കോടതി വ്യക്തമാക്കി.
ശബരിമലയിൽ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ശുപാർശ നടപ്പാക്കിയോയെന്ന് കോടതി ചോദിച്ചു. കൂടാതെ ഐ.ജി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയെ നിയമിച്ചോയെന്നുള്ള കാര്യം പൊലീസ് മേധാവി സത്യവാങ്മൂലം നൽകണമെന്നും കോടതി പറഞ്ഞു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത് വിഷയമല്ല. യഥാർഥ ഭക്തർക്കുണ്ടായ ബുദ്ധിമുട്ടുകളാണ് പരിഗണിക്കുന്നത്. എന്തുകൊണ്ടാണ് ഭക്തരെ നടപ്പന്തലിൽ വിശ്രമിക്കാൻ അനുവദിക്കാത്തതെന്ന് കോടതി ചോദിച്ചപ്പോൾ കുട്ടികൾക്കും സ്ത്രീകൾക്കും വിശ്രമിക്കാൻ വേറെ സ്ഥലമുണ്ടെന്നും എ.ജി കോടതിയെ അറിയിച്ചു.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പൊലീസ് അതിക്രമം നടത്തുകയാണെന്ന് കോടതി വിമർശിച്ചിരുന്നു. പൊലീസ് നടപടിയിൽ എതിർപ്പ് അറിയിച്ച കോടതി ഇതുമായി ബന്ധപ്പെട്ട് എ.ജിയോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് എ.ജി ഹാജരായത്.