മ്മ്‌ടെ താമരപ്പാർട്ടീന്റെ അദ്ധ്യക്ഷൻ പിള്ള വക്കീൽ ഒരു ഭയങ്കര സംഭവമാണ്. ശബരിമലയിൽ വിശ്വാസം സംരക്ഷിക്കണം എന്ന് പറഞ്ഞ് പുള്ളിക്കാരൻ സമരം തുടങ്ങിയപ്പോ... ഈ നാട് മുഴുവൻ ഒപ്പം നിന്നു എന്നാണ് ടിയാൻ പറയുന്നത്. ശബരിമല വഴി നിയമസഭയിൽ കയറാം എന്ന് മോഹിക്കുന്ന താമരപ്പാർട്ടിയുടെ വിശേഷങ്ങളുമായി കൗമുദി ട്രെൻഡിംഗ് ന്യൂസ് തുടങ്ങട്ടെ. നമസ്‌കാരം ഞാൻ ശ്രീജിത്ത് ബാലകൃഷ്ണൻ. ശബരിമലയെ തകർക്കാൻ പിണറായി ശ്രമം നടത്തുക ആണെന്നും അത് തടയാൻ സ്വന്തം ജീവൻ കൊടുക്കാൻ തയ്യാറാണ് എന്നു പോലും ശ്രീധരൻ പിള്ള അദ്ദേഹം പറഞ്ഞു. പറഞ്ഞു പറഞ്ഞ് ആവേശം കയറിപ്പോ വക്കീൽ ഒരു കാര്യം കൂടി പറഞ്ഞു. ശബരിമലയിൽ നടത്തുന്ന സമരം ബി.ജെ.പിക്ക് സുവർണ അവസരമാണ്. ശബരിമല സമരത്തിന്റെ അജണ്ട ഉണ്ടാക്കുന്നത് ബി.ജെ.പി ആണെന്നും നട അടയ്ക്കാൻ തന്ത്രിക്ക് നിർദ്ദേശം നൽകിയത് താൻ ആണെന്ന് വരെ പിള്ള വക്കീൽ പറഞ്ഞു. എന്നാലും പിള്ള വക്കീലേ... വിശ്വാസികളായ പാവങ്ങളെ അതേ വിശ്വാസത്തിന്റേ പേരിൽ പറഞ്ഞ് പറ്റിച്ചതിന് അയ്യപ്പ കോപം ഉണ്ടാകാതെ നോക്കിക്കോണം. പക്ഷേ അങ്ങനെ തോറ്റുകൊടുക്കാനൊന്നും പിള്ളവക്കീൽ തയ്യാറല്ല. എന്ത് സംഭവിച്ചാലും കേരളം ഭരിക്കണം. അതിനായി അവസാനത്തെ അടവാണ് രഥയാത്ര. നന്നായി വരട്ടെ. എന്നേ പറയാനുള്ളൂ. ഓഹോ പിള്ള വക്കീലിന്റെ വിശ്വാസ സംരക്ഷണ യാത്ര തുടങ്ങിയോ... അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ... താനും ഒരു യാത്ര നടത്തുമെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് കെ. സുധാകരനും യാത്ര തുടങ്ങി. അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് ബി.ജെ.പിയുടേയും കോൺഗ്രസിന്റെയും യാത്രയ്ക്ക് ഒരേ പേരാണ്. വിശ്വാസ സംരക്ഷണ യാത്ര. രണ്ട് യാത്രകളും താമരക്കൈയായി അവസാനിക്കുമോ എന്നാണ് പാവം കോൺഗ്രസുകാരുടെ പേടി. ഇതിനിടെയിൽ ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല വീണ്ടും തുറന്നു. വിശ്വാസികളായ ഭക്തൻമാർ പൊലീസിനെ പറ്റിച്ച് കാട് വഴി മലയിലെത്തി. കാട് വഴി മല കയറിയവർ വിശ്വാസികളല്ല, കാട്ടാളൻമാർ ആണെന്ന് മനസിലായത് പിന്നീടാണ്. അയ്യപ്പെന കാണാൻ സന്നിധാനത്ത് എത്തിയ അൻപത് വയസ് കഴിഞ്ഞ മാളികപ്പുറത്തിന് തലങ്ങും വിലങ്ങും അടികൊടുത്ത ഭക്തമാരെ കാട്ടാളൻമാർ എന്ന് തന്നെ വിളിക്കണം.
അയ്യപ്പന്റെ പേരിൽ എന്ത് തോന്നിവാസം കാണിച്ചാലും മാപ്പ് പറഞ്ഞ് രക്ഷപെടുന്നതാണ് താമരപ്പാർട്ടിയുടെ പുതിയ രീതി. മുസ്ലീംലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറത്ത് സി.പി.എമ്മിന് കിട്ടിയ ചുണക്കുട്ടിയാണ് കെ.ടി. ജലീൽ. ലീഗിന്റെ കോട്ട പൊളിച്ച് എ.കെ.ജി സെന്ററിൽ എത്തിയ ജലീലിനെ എം.എൽ.എയാക്കി പിന്നെ മന്ത്രിയാക്കിയാണ് പാർട്ടി പാരിതോഷികം നൽകിയത്. പക്ഷേ പച്ചക്കോട്ട പൊളിച്ച ജലീലിനെ വെറുതെ വിടാൻ ലീഗ് ഒരുക്കമല്ല. അങ്ങനെ കാത്തിരുന്നപ്പോഴാണ് ജലീൽ മന്ത്രി സ്വന്തം ബന്ധുവിനെ സ്വന്തം വകുപ്പിൽ ജോലിക്ക് വെച്ചത്. അല്ലേലും ഈ ബന്ധുക്കൾ സി.പി.എമ്മിന് എന്നും തലവേദനയാണ്. ബന്ധു നിയമനത്തിൽ ജലീലിനെ പിന്തുണച്ച സി.പി.എം ശരിക്കും പ്രതിക്കൂട്ടിലാണ്. ശബരിമലയിൽ ദിവസേന നിലപാട് പറയുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ വായ തുറന്നിട്ടില്ല. കോടിയേരി സഖാവ് മലപ്പുറത്തിന്റെ ചുവന്ന മുത്തിന് ഒപ്പമാണ്. ജലീൽക്ക എന്തൊക്കെ പറഞ്ഞാലും വിടാൻ ഒരുക്കം അല്ലെന്നാണ് ലീഗ് പറയുന്നത്. അതുകൊണ്ട് ഓരോ ദിവസും ഓരോ ബോംബാണ് ജലീൽ മന്ത്രിക്ക് എതിരെ ലീഗ് പൊട്ടിക്കുന്നത്. കയ്യിലുള്ള കാശ് തീർന്നാൽ നുമ്മ കടം ചോദിക്കും. അങ്ങനെ കുറച്ചിന്റെ ആവശ്യം വന്നപ്പോ ബല്യ പണക്കാരനായ റിസർവ് ബാങ്കിനോട് കുറച്ച് കായ് കടം ചോദിച്ചാൽ കുഴപ്പം ഉണ്ടോ... കുഴപ്പം ഉണ്ടെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. കായ് ചോദിച്ച ടീംസ് ആരാണെന്ന് അറിയോ... മ്മടെ സ്വന്തം മോദിജിയും കൂട്ടുകാരും. ചില്ലറ കായൊന്നുമല്ല ചോദിച്ചത്, റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് 3.6 ലക്ഷം കോടി. എന്തിനാണ് ഇപ്പോ കായ് ചോദിച്ചതെന്ന് മാത്രം ചോദിക്കരുത്. നാട്ടിലെ പട്ടിണിക്കാരായ അംബാനി, ആദാനി എന്നിവർക്ക് ചെറിയ സഹായം ചെയ്യാനാണ് മോദി കായ് ചോദിച്ചത്. കൊടുക്കൂല്ലാന്ന് പറഞ്ഞ റിസർവ് ബാങ്ക് ഗവർണർ ഒടുവിൽ രാജി വെയ്ക്കും എന്നാണ് ഇന്ദ്രപ്രസ്ഥത്തിൽ നിന്നുള്ള വർത്തമാനം. പിന്നല്ലാതെ മോദി കായ് ചോദിച്ചിട്ട് കൊടുത്തില്ലേ... പിന്നെ ആ കസേരയിൽ ഇരിക്കാൻ പറ്റ്വോ... റിസർവ് ബാങ്ക് പേടിച്ചിട്ടാണ് കായ് കൊടുക്കാത്തത്, നോട്ട് കണ്ടാ അപ്പൊ നിരോധിക്കും. അതാണ് നമ്മുടെ മോദി സർക്കാർ. പക്ഷേ നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികം ആഘോഷിച്ചപ്പോഴാണ് ആ സത്യം അരുൺ ജെയ്റ്റ്ലി വിളിച്ചു പറഞ്ഞത്. നോട്ട് നിരോധിച്ചത് കള്ളപ്പണം തിരിച്ചുപിടിക്കാൻ അല്ലപോലും. നമ്മുടെ നാട്ടിലെ നോട്ടിന്റെ എണ്ണം എടുക്കാനാണ് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ട് നിരോധിച്ചത് പോലും. അടിപൊളി... കേൾക്കാൻ നല്ല സുഖമുണ്ട്. അപ്പൊ കള്ളപ്പണം കള്ളപ്പണം എന്ന് പറഞ്ഞ് നടത്തിയ തള്ളൊക്കെ ഇനി എവിടെ ചെന്ന് അവസാനിക്കുമോ എന്തോ.... ഇനിയും ഭായിയോ ഓർ ബഹനോം എന്നും പറഞ്ഞ് വരാതിരുന്നാ മതി. പ്രളയത്തിൽ തകർന്ന കേരളത്തെ ശരിയാക്കാൻ പിണറായി സഖാവ് ഓടി നടക്കുക ആണെന്ന് എല്ലാവർക്കും അറിയാം. അതിനിടെയിലാണ് പൊലീസുകാർ ഓരോന്ന് കാണിച്ച് കൂട്ടുന്നത്. നെയ്യാറ്റിൻകരയിൽ ഒരു ഡിവൈ.എസ്.പിയുടെ തോന്നിവാസത്തിന് ഒടുവിൽ നടുറോഡിൽ മരിച്ചുവീണത് ഒരു കുടുംബത്തിന്റെ അവസാനത്തെ ആശ്രയമായിരുന്നു. ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ പോയ പാവം ചെറുപ്പക്കാരനെ തല്ലി റോഡിലേക്ക് വലിച്ചിടാൻ മാത്രം എന്ത് തെറ്റാണ് അയാൾ ചെയ്തത്. ഡിവൈ.എസ്.പി ഹരികുമാറിനെ മാത്രമല്ല, ആ മഹാത്മാവിന്റെ അഹങ്കാരത്തിന് ഒത്താശ ചെയ്ത പൊലീസുകാരെയും പിടിച്ച് അകത്തിടണം. പൊലീസുകാർക്ക് മാത്രമായി ഈ നാട്ടിൽ പ്രത്യേകം നിയമം ഒന്നും ഇല്ലെന്ന് സമയം കിട്ടുമ്പോ പിണറായി സഖാവ് സ്വന്തം വകുപ്പിലെ മേലാളൻമാർക്ക് പറഞ്ഞു കൊടുക്കണം. കോട്ടയത്ത് കെവിൻ എന്ന ചെറുപ്പക്കാരനെ തട്ടിക്കൊണ്ടുപോയ ഗുണ്ടകളിൽ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസുകാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതും പോയ വാരമാണ്. പാർട്ടിക്കാർക്ക് വേണ്ടപ്പെട്ടവൻ ആണെങ്കിൽ പിന്നെ പൊലീസുകാർക്ക് എന്തും ആകാം എന്ന അഹംഭാവം ഇനിയും വച്ചുപൊറുപ്പിക്കാൻ ആകില്ല എന്ന് മാത്രം പറഞ്ഞുകൊണ്ട് ഇന്നത്തേക്ക് വിടപറയുന്നു. അടുത്തയാഴ്ച വീണ്ടും കാണും വരെ എല്ലാവർക്കും നല്ലനമസ്‌കാരം.