sabarimala

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ ഇടപെടാനാകില്ലെന്ന് രാജ്നാഥ് സിംഗ്. ഈ വിഷയത്തിൽ സംസ്ഥാനത്തിന് മാത്രമെ എന്തെങ്കിലും ചെയ്യാനാകൂവെന്നും, ഇതിൽ കുറച്ചുപേരുടെ വികാരം വ്രണപ്പെട്ടുവെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന നേതൃത്വം ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ശബരിമല സ്ത്രീ പ്രവേശനവിധി ഭരണഘടനാ ബെഞ്ചിന് മാത്രമെ സ്റ്റേ ചെയ്യാനാകൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു.

ജനുവരി 22ന് മുമ്പ് ശബരിമല കേസുകൾ പരിഗണിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മണ്ഡലകാലത്തിനായി ശബരിമല നട തുറന്നതിനാൽ അടിയന്തരമായി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി കേൾക്കാൻ തയ്യാറായില്ല. ശബരിമലയെ രാഷ്ട്രീയ ആയുധമാക്കി മാറ്റി ബി.ജെ.പി പ്രവർത്തകർ സംഘർഷങ്ങളാണ് ഇപ്പോൾ ആചാരസംരക്ഷണം എന്ന അവകാശവാദത്തോടെ ശബരിമലയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് കേന്ദ്രസർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് വ്യക്‌തമാക്കി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തിയത്.