ramesh-chennithala

കൊച്ചി: ശബരിമല വിഷയത്തിൽ പൊലീസിന്റെ തേർവാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം. ഇല്ലെങ്കിൽ യു.ഡി.എഫ് നിരോധനാജ്ഞ ലംഘിക്കും. ഇതിനായി യു.ഡി.എഫ് സംഘം നാളെ ശബരിമലയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന യു.ഡി.എഫ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസിന്റെ അതിക്രമങ്ങളെ യു.ഡി.എഫ് ശക്തമായി അപലപിക്കുന്നു. ആവശ്യമില്ലാത്ത നിയന്ത്രണങ്ങളാണ് ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിലെ 144 പിൻവലിക്കണം. പൊലീസ് ഭക്തന്മാരോട് കുതിര കയറുകയാണ്. തീർത്ഥാടകർ പോലും ഇപ്പോൾ ശബരിമലയിൽ വരാത്ത അവസ്ഥയാണ് . ഭക്തർക്ക് ശബരിമലയിൽ വരാൻ ഇപ്പോൾ പേടിയാണ്. പൊലീസിന്റെ ഈ തേർവാഴ്ച്ച മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ്. പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. കേരളത്തിലെ മുഖ്യമന്ത്രി ഭക്ത ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുകയാണ്. ഹൈക്കോടതി പരാമർശം സർക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.