തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കോൺഗ്രസ് വിശ്വാസികളോടൊപ്പമാണെന്നും ഇക്കാര്യത്തിൽ പാർട്ടിയിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അവർ മൗനം പാലിച്ചാൽ മതിയെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കണമെന്ന് കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെടുന്നു. വിശ്വാസികളുടെ പ്രതിഷേധങ്ങൾക്ക് പാർട്ടിയുടെ പിന്തുണയുണ്ട്. കൊടിക്കുന്നിൽ സുരേഷ് 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
അക്രമ സമരത്തിനില്ല
കോൺഗ്രസ് അക്രമ സമരത്തിനില്ല. സമാധാനപരമായ രീതിയാണ് ഞങ്ങളുടേത്. വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കണം. നാമജപവുമായി ഭക്തജനങ്ങൾ മുന്നോട്ടുപോവും. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണം. അത് തകർക്കാൻ സർക്കാർ കൂട്ട് നിൽക്കരുത്.
10 വോട്ടിനായി അവർ കാത്തിരിക്കുന്നു
ശബരിമല വിഷയത്തിൽ ബി.ജെ.പി കാണിക്കുന്നത് തികച്ചും കാപട്യമാണ്. അവർക്ക് ആത്മാർത്ഥതയില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് രാഷ്ട്രപതിയെക്കൊണ്ട് എളുപ്പത്തിൽ ഒരു ഓർഡിനൻസ് പുറപ്പെടുവിക്കാവുന്നതേയുള്ളൂ. ദേശീയ ഭരണകക്ഷിയെ സംബന്ധിച്ചിടത്തോളം ഞൊടിയിടയിൽ ചെയ്യാവുന്ന കാര്യമാണിത്. പത്ത് വോട്ടിനായി സുവർണാവസരത്തിനായി അവർ കാത്തിരിക്കുകയാണ്. അവർക്ക് ഭക്തജനങ്ങളോട് പ്രതിബദ്ധതയില്ല.
സർക്കാർ ശ്രമം
ശബരിമലയിൽ കൂടുതൽ ഭക്തന്മാർ വരാതിരിക്കാനാണ് എൽ.ഡി.എഫ് സർക്കാർ ശ്രമിക്കുന്നത്. ഭക്തന്മാർ സന്നിധാനത്ത് രാത്രി നിൽക്കാൻ പാടില്ല, പൊലീസ് സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങണം തുടങ്ങിയ നിയന്ത്രണങ്ങളൊക്കെ ഇതിന്റെ ഭാഗമാണ്. ഇതിനെ കെ.പി.സി.സി നേതൃത്വം ശക്തമായി അപലപിച്ചിട്ടുണ്ട്. ശബരിമലയിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല.