പെസികോ വജൈനൽ ഫിസ്റ്റുല ആണ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന യൂറിനറി ഫിസ്റ്റുല. ഇത് സാധാരണയായി ഗൈനക്കോളജി ശസ്ത്രക്രിയകളുടെ പാർശ്വഫലമായാണ് കാണപ്പെടുന്നത്. പ്രസവാനന്തരം ഉണ്ടാകുന്ന മുറിവുകൾ മൂലം ഇത്തരം ഫിസ്റ്റുലകൾ ഉണ്ടാകുന്നു. അടിവയറ്റിലെ കാൻസറുകൾ, റേഡിയേഷൻ ചികിത്സ മുതലായവ മൂലവും ഇത്തരം ഫിസ്റ്റുലകൾ ഉണ്ടാകുന്നു.
യോനിയിൽ കൂടി മൂത്രം ലീക്ക് ചെയ്യുന്നതാണ് രോഗലക്ഷണം. ഫിസ്റ്റുലയിൽ കൂടി മൂത്രം ലീക്ക് ചെയ്യുന്ന് മറ്റ് മൂത്രനിയന്ത്രണമില്ലായ്മകളിൽ നിന്ന് തിരിച്ചറിയുന്നത് ശരിയായ ചികിത്സയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇടവിട്ടുള്ള മൂത്രരോഗാണുബാധ, അടിവയറ്റിൽ വേദന, വലിയ ഫിസ്റ്റുല ആണെങ്കിൽ മൂത്രം വർദ്ധമാനമായ തോതിൽ യോനിയിൽ കൂടി പോവുക മുതലായവയാണ് രോഗലക്ഷണങ്ങൾ. റേഡിയേഷൻ മൂലമുള്ള ഫിസ്റ്റുല ചികിത്സയ്ക്കുശേഷം വർഷങ്ങൾ കഴിഞ്ഞായിരിക്കും പ്രകടമാകുക. ചികിത്സ വളരെ ദുഷ്‌കരമായ ഫിസ്റ്റുലകളാണ് റേഡിയേഷൻ മൂലമുണ്ടാകുന്നത്.
രോഗചരിത്രം വിശദമായി ചോദിച്ച് മനസിലാക്കുന്നത്, ശരീര പരിശോധന, മൂത്രപരിശോധന, സിസ്‌റ്റോസ്‌കോപി, റേഡിയോളജി പരിശോധനകൾ മുതലായവ രോഗനിർണയത്തിന് സഹായകരമാണ്.
സർജിക്കൽ ചികിത്സയാണ് ഇത്തരം ഫിസ്റ്റുലകൾക്ക് വേണ്ടത്.
യുറിറ്ററോ വജൈനൽ ഫിസ്റ്റുലകൾ ഗൈനക്കോളജി ശസ്ത്രക്രിയകളുടെ പാർശ്വഫലമാണ്. യോനിയിൽ കൂടി മൂത്രം വരുന്നത്, നടുവേദന, പനി മുതലായവയാണ് രോഗലക്ഷണങ്ങൾ. സിടി സ്‌കാൻ, മറ്റ് റേഡിയോളജി പരിശോധനകൾ, സിസ്റ്റോസ്‌കോപി മുതലായവയിലൂടെ രോഗനിർണയം സാധ്യമാകും. യുറിത്രോ വജൈനൽ ഫിസ്റ്റുല പ്രസവാനന്തരമുള്ള മുറിവുകൾ മൂലമാണ് ഉണ്ടാകുന്നത്. റേഡിയോളജി പരിശോധനകൾ, സിസ്റ്റോസ്‌കോപി പരിശോധനകൾ വഴിയും രോഗനിർണയം സാധ്യമാണ്.
വൻകുടൽ, ചെറുകുടൽ, മലാശയം, രക്തക്കുഴലുകൾ, ഗർഭപാത്രം മുതലായവ ഫിസ്റ്റുല വഴി മൂത്രസഞ്ചിയുമായി ബന്ധമുണ്ടാകാം. ചെറുകുടൽ, വൻകുടൽ മുതലായവയുടെ രോഗങ്ങൾ, റേഡിയേഷൻ ചികിത്സ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ശസ്ത്രക്രിയകൾ മുതലായവ വഴി ഇത്തരം ഫിസ്റ്റുലകൾ ഉണ്ടാകുന്നു.
ഗർഭപാത്രവും മൂത്രസഞ്ചിയുമായുള്ള ഫിസ്റ്റുലയ്ക്ക് യൂസഫ് സിൻഡ്രോം എന്നു പറയുന്നു. ആർത്തവ സമയത്ത് മൂത്രത്തിൽ രക്തം കാണുന്നതാണ് രോഗലക്ഷണം. സിസേറിയൻ ശസ്ത്രക്രിയയുടെ ഫലമായാണ് ഇത്തരം ഫിസ്റ്റുലകൾ ഉണ്ടാകുന്നത്. ഗർഭപാത്രം നീക്കം ചെയ്യുന്നതാണ് ചികിത്സാമാർഗം.