തിരുവനന്തപുരം: ശബരിമലയിലെ അനാവശ്യമായ പൊലീസ് നിയന്ത്രണത്തിനെതിരേ ഹൈക്കോടതി നടത്തിയ രൂക്ഷവിമർശനം ഇനിയെങ്കിലും സർക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ് അഡ്വക്കറ്റ് ജനറലിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചത്. പൊലീസ് നിയന്ത്രണം മൂലം ഭക്തർ അനുഭവിക്കുന്ന നരകയാതനകൾ കോൺഗ്രസ് നിയോഗിച്ച മൂന്നംഗ ദൗത്യസംഘത്തിന് ബോധ്യപ്പെട്ടിരുന്നു.
ശബരിമലയിൽ കഴിഞ്ഞ രാത്രിയിൽ അയ്യപ്പഭക്തന്മാർക്കെതിരെയുണ്ടായ പൊലീസ് നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല. അതിന് നേതൃത്വം നൽകിയ മലപ്പുറം എസ്.പിയും ശബരിമല സ്പെഷ്യൽ പൊലീസ് ഓഫീസറുമായ പ്രതീഷ് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിറുത്തി സമഗ്ര അന്വേഷണം നടത്തണം.
അയപ്പഭക്തർക്കിടയിൽ സംഘപരിവാർ നുഴഞ്ഞു കയറിയിട്ടുണ്ടെങ്കിൽ അവർക്കെതിരേ ശക്തമായി നടപടി സ്വീകരിക്കണം. എന്നാൽ നിരപരാധികളായ അയപ്പഭക്തൻമാരെ പീഡിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ബി.ജെ.പിയുടെ നേതൃത്വത്തിൽ ശബരിമലയിൽ നടക്കുന്നത് വിശ്വാസ സംരക്ഷണമല്ല. ബി.ജെ.പിയുടെ കപട രാഷ്ട്രീയ നാടകമാണ് അരങ്ങേറുന്നത്. സംഘപരിവാർ ശക്തികൾക്ക് വിശ്വാസികളോട് അല്പമെങ്കിലും കൂറും ആത്മാർത്ഥതയും ഉണ്ടെങ്കിൽ എന്തുകൊണ്ട് നിയമനിർമ്മാണം നടത്താൻ തയ്യാറാകുന്നില്ല. അപ്പോൾ ആചാരവും വിശ്വാസവും സംരക്ഷിക്കലല്ല, മറിച്ച് രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം.
ഭരണകൂട ഭീകരതയാണ് ശബരിമലയിൽ നടക്കുന്നത്. പൊലീസ് രാജിനെ തുടർന്ന് ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം ഗണ്യമായ കുറഞ്ഞു. ഭക്തർക്ക് നെയ്യഭിഷേകം നടത്താനാവുന്നില്ല. സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധിക്ക് ശേഷം വീഴ്ചകളുടെ ഘോഷയാത്രയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കാനായില്ല. മനുഷ്യാവകാശ ലംഘനമാണ് അവിടെ നടക്കുന്നത്.
ശബരിമലയെ ബി.ജെ.പി അയോദ്ധ്യയാക്കാനും സി.പി.എം കലാപഭൂമിയാക്കാനുമാണ് ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.