തിരിച്ചുവരവിൽ ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് ജ്യോതിക. കാട്രിൻ മൊഴി എന്ന ചിത്രത്തിലെ വിജയലക്ഷ്മി എന്ന കഥാപാത്രത്തെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ പ്രേക്ഷകർ ഏറ്റെടുത്തതാണ്. താൻ തുടർന്നും സ്വീകരിക്കുന്ന കഥാപാത്രങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. കഥാപാത്രത്തിന് പ്രാധാന്യമില്ലാത്ത സിനിമകളോട് നോ പറയുന്നതിൽ ഒരു മടിയുമില്ല. വിവാഹത്തിനു മുൻപ് അഭിനയിച്ച ഹിറ്റ് ചിത്രം ഖുഷിയുടെ രണ്ടാം ഭാഗം ഒരുക്കുന്നതായി കേട്ടു. വാർത്തകൾ ശരിയാണെങ്കിൽ ഉറപ്പായും ആ ചിത്രത്തിന്റെ ഭാഗമാകും. എന്നാൽ, എന്റെ കഥാപാത്രം പക്വതയുള്ളതും ബുദ്ധിമതിയുമായിരിക്കണം എന്ന് നിർബന്ധമുണ്ടെന്നും താരം പറയുന്നു. വിജയ് നായകനായ ഖുഷി ഇരുതാരങ്ങളുടെയും കരിയറിൽ വൻ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു. തിരിച്ചുവരവിൽ വിജയുടെ നായികയായി മെർസലിലേക്ക് അറ്റ്ലി ക്ഷണിച്ചെങ്കിലും കഥാപാത്രത്തിന് പ്രാധാന്യമില്ലെന്നു പറഞ്ഞ് ജ്യോതിക പിന്മാറിയത് ഏറെ ചർച്ചയായിരുന്നു. ആ കഥാപാത്രത്തെ പിന്നീട് നിത്യാ മേനനാണ് അവതരിപ്പിച്ചത്.