sabarimala-

പത്തനംതിട്ട: ഞായറാഴ്‌ച രാത്രി സന്നിധാനത്ത് നിന്നും പൊലീസ് അറസ്‌റ്റ് ചെയ്‌ത 69 പേരെ പത്തനംതിട്ട മുൻസിഫ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഇവരെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകും. നിരോധനാജ്ഞ ലംഘിച്ച് സംഘം ചേർന്നതിനാണ് കഴിഞ്ഞ ദിവസം 70 പേരെ സന്നിധാനത്ത് നിന്നും പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇതിൽ ഒരാളെ ഒഴിവാക്കി 69 പേരെയാണ് കോടതിയിൽ ഹാജരാക്കിയത്. കോടതിയിൽ ഇവരെ ഹാജരാക്കുമ്പോൾ നാമജപവുമായി നിരവധി ഭക്തന്മാരും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം തുടങ്ങിയവരും എത്തിയിരുന്നു.

ദർശനം കഴിഞ്ഞവരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ലെന്ന പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് വിവിധഭാഗങ്ങളിലായി സംഘപരിവാർ പ്രവർത്തകർ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ മുതൽ പൊലീസ് രഹസ്യമായി ഇവർക്കായുള്ള തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് സന്നിധാനത്തെ ദേവസ്വം മെസിൽ ഭക്ഷണം കഴിക്കാനെത്തിയ താത്കാലിക തൊഴിലാളികളുടെ രേഖകൾ വരെ പരിശോധിച്ച് ഫോൺ നമ്പരുകളും ശേഖരിച്ചു. രാത്രി 8ഓടെ മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള നടപന്തലിൽ വിരിവച്ചിരുന്ന ചിലരോട് മടങ്ങിപോകണമെന്ന നിർദ്ദേശം നൽകിയതോടെയാണ് പ്രതിഷേധത്തിന് കാരണമായത്.

വർഷങ്ങളായി തീർത്ഥാടകർ വിശ്രമിച്ചുവന്ന വലിയ നടപ്പന്തൽ പൊലീസ് പൂർണമായും വടംകെട്ടി കൈയ്യടക്കിവച്ചിരിക്കുകയായിരുന്നു. നടപ്പന്തൽ കൈയേറിയ പ്രതിഷേധക്കാർ അവിടെ കുത്തിയിരുന്ന് നാമജപം ആരംഭിച്ചു. ഇതോടെ എസ്.പി പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ സർവസന്നാഹവുമായി കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ഭക്തർക്ക് വിരിവയ്ക്കാനും വിശ്രമിക്കാനുമുള്ള സ്ഥലമാണ് നടപ്പന്തലെന്നും അതിനായി വിട്ടുകൊടുക്കുകയും നാമജപം നടത്തുന്നതിന് അവസരം നൽകണമെന്നതുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. നട അടയ്ക്കുന്നതോടെ തങ്ങൾ പിരിഞ്ഞുപോകാമെന്ന് പ്രധാന പ്രവർത്തകർ പൊലീസിന് ഉറപ്പ് നൽകി. ഹരിവരാസനം ചൊല്ലി നടയടച്ചതിന് തൊട്ടുപിന്നാലെ ഇവർ പിരിഞ്ഞു പോകാൻ ശ്രമിക്കവേ നിരോധനാജ്ഞ ലംഘിച്ചതിന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ രാജേഷ് ഉൾപ്പെടെ മൂന്നോളം പേരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞതോടെ നാമജപ പ്രതിഷേധം സംഘർഷത്തിന് വഴിമാറി.

പൊലീസും പ്രവർത്തകരും തമ്മിൽ വാക്കുതർക്കമായതോടെ കൂടുതൽ പൊലീസ് നിലയുറപ്പിച്ചു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പൊലീസ് ആദ്യം നിരാകരിച്ചു. ഇതോടെ രാജേഷ്, കണ്ണൻ ഉൾപ്പെടെയുള്ളവർക്ക് പ്രതിഷേധക്കാർ വലയം ഒരുക്കി. ഇവരെ വലിയനടപ്പന്തലിൽ നിന്ന് പാണ്ടിത്താവളത്തേക്കുള്ള പടിക്കെട്ടിന് സമീപം എത്തിച്ച് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ സ്ഥലത്തില്ലായിരുന്ന സന്നിധാനത്ത സുരക്ഷാ ചുമതലയുള്ള ഐ.ജി വിജയസാക്കറെയുമായി എസ്.പി ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചതോടെ എെ.ജിയുടെ നിർദ്ദേശപ്രകാരം വീണ്ടും അറസ്റ്റ് എന്ന നിലപാടിലേക്ക് പൊലീസ് നീങ്ങി.

മാളികപ്പുറത്തേക്ക് നീങ്ങിയ സംഘത്തിന് മുന്നിൽ കയറി എസ്.പി യുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം തടഞ്ഞു. ഇതോടെ വീണ്ടും വാക്കുതർക്കത്തിലേർപ്പെടുകയും മുഴുവൻപേരെയും അറസ്റ്റ് ചെയ്യാൻ തീരുമാനമെടുക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന് സമീപത്തെത്തിയ പ്രവർത്തകർ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ പൊലീസ് ബലപ്രയോഗത്തിലൂടെ വലിച്ചിഴച്ചാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഇതിനിടെ ഒരു പ്രവർത്തകന് ബൂട്ടിന് ചവിട്ടേൽക്കുകയും ചെയ്തു.