pic

കൊച്ചി: ആയുർവേദത്തെ ആഗോള ചികിത്സാ ശാസ്‌ത്രമാക്കി ഉയർത്തുക, കേരളത്തെ ആരോഗ്യ സുരക്ഷാ കേന്ദ്രമാക്കുക എന്നിവ ലക്ഷ്യമിട്ട് സി.ഐ.ഐ സംഘടിപ്പിക്കുന്ന 'ഗ്ലോബൽ ആയുർവേദ സമ്മിറ്ര്" 21 മുതൽ 23വരെ ഹോട്ടൽ ലെ മെറിഡിയനിൽ നടക്കും. 21ന് ഉച്ചയ്ക്ക് 2.30ന് കേന്ദ്ര വാണിജ്യ മന്ത്രാലയ അഡിഷണൽ സെക്രട്ടറി സുധാൻഷു പാണ്ഡേയുടെ പ്രഭാഷണത്തോടെ ഉച്ചകോടി ആരംഭിക്കും. 22ന് രാവിലെ പത്തിന് മന്ത്രി ഇ.പി. ജയരാജൻ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. തുടർന്ന് രണ്ടു ദിവസങ്ങളിലായി പ്രമുഖർ സംബന്ധിക്കുന്ന പ്ളീനറി സെഷനുകളുണ്ടാകും.

നിലവിൽ 440 കോടി ഡോളറാണ് ആഗോള ആയുർവേദ വിപണിയുടെ മൂല്യം. ഇത് മൂന്നു വർഷത്തിനകം 1,200 കോടി ഡോളറാക്കി ഉയർത്താനുള്ള ആശയങ്ങളും പദ്ധതികളും മുന്നോട്ടുവയ്‌ക്കുകയാണ് ഉച്ചകോടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് സി.ഐ.ഐ കേരള ചെയർമാനും ധാത്രി ആയുർവേദ മാനേജിംഗ് ഡയറക്‌ടറുമായ ഡോ. എസ്. സജികുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. യുവ സംരംഭകരിൽ നിന്ന് ആശയങ്ങൾ തേടി സി.ഐ.ഐ നടത്തിയ ആയുർസ്‌റ്റാർട്ട് മത്സരത്തിലൂടെ തിരഞ്ഞെടുത്ത പത്ത് ആശയങ്ങൾ ഉച്ചകോടിയിൽ വെഞ്ച്വർ, ഏഞ്ചൽ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കും.

കേന്ദ്ര സർക്കാരിന്റെ ആയുഷ്‌മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതിയിൽ ആയുർവേദത്തെ ഉൾപ്പെടുത്തുക, കേന്ദ്ര-സംസ്ഥാന നയങ്ങൾ വിപണി സൗഹാർദ്ദമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉച്ചകോടിയിലൂടെ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആയുർവേദ മേഖലയിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുകയും ഉച്ചകോടിയുടെ ലക്ഷ്യമാണ്. സി.ഐ.ഐ ആയുർവേദ പാനൽ അംഗങ്ങളായ അജയ് ജോർജ് വർഗീസ്, ഡോ.എ.എം. അൻവർ, പി. രാജേന്ദ്രൻ, ഡോ. കെ. അനിൽകുമാർ, ബിജോയ് കുമരൻ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

$400 കോടി

ഇന്ത്യൻ ആയുർവേദ വിപണിയുടെ മൂല്യം 400 കോടി ഡോളർ. ഇതിൽ 75 ശതമാനവും ആയുർവേദ ഉത്‌പന്ന വിപണിയുടെ പങ്ക്.

$125 കോടി

കേരളത്തിലെ ആയുർവേദ വിപണിയുടെ മൂല്യം 125 കോടി ഡോളർ. 30,000 പേർ ഈ മേഖലയിൽ തൊഴിലെടുക്കുന്നു. 2020ഓടെ തൊഴിലവസരങ്ങൾ 90,000 ആയി ഉയരുമെന്നാണ് പ്രതീക്ഷ