cm
കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം കോഴിക്കോട് യാഷ് ഇന്‍റർനാഷണലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: വാർത്ത നൽകുമ്പോൾ അതുണ്ടാക്കുന്ന സന്ദേശംകൂടി പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമലയിൽ സമാധാനം ലക്ഷ്യമിട്ട് പൊലീസ് സ്വീകരിച്ച നടപടിയെ ഭക്തരെ അറസ്റ്റ് ചെയ്‌തെന്നാണ് മാദ്ധ്യമങ്ങൾ വാർത്ത നൽകിയത്. ശബരിമലയിൽ പ്രശ്‌നമുണ്ടാക്കാനാണ് ആർ.എസ്.എസ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ ഇരുണ്ടകാലഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ചിലർ ശ്രമിക്കുമ്പോൾ മാദ്ധ്യമങ്ങൾ അതിന് പ്രാധാന്യം നൽകരുത്. സുപ്രീംകോടതി വിധിയുടെ പ്രാധാന്യം അറിയിക്കുന്നതിൽ മാദ്ധ്യമങ്ങൾ വേണ്ടത്ര ശ്രദ്ധകാണിച്ചില്ല. പ്രളയകാലത്ത് മികച്ച ഇടപെടൽ നടത്തിയ മാദ്ധ്യമങ്ങൾ പുനർനിർമാണത്തിന്റെ കാര്യത്തിൽ ശരിയായി ഇടപെട്ടോ എന്ന് പരിശോധിക്കണം.

മാദ്ധ്യമങ്ങൾ സമൂഹത്തിന്റെ ചാലക ശക്തികളാണ്. സാമൂഹ്യമാറ്റത്തിനായി നിലകൊണ്ട മാദ്ധ്യമങ്ങൾ അതേപങ്കാണോ ഇപ്പോൾ വഹിക്കുന്നതെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ അദ്ധ്യക്ഷത വഹിച്ചു. സുവനീർ പ്രകാശനം മന്ത്രി ടി.പി. രാമകൃഷ്ണൻ, എം.കെ. രാഘവൻ എം.പിക്ക് കൈമാറി നിർവഹിച്ചു. യാത്രാ മാഗസിൻ പ്രകാശനം മന്ത്രി എ.കെ. ശശീന്ദ്രൻ, ബിനോയ് വിശ്വം എം.പിക്ക് കൈമാറി നിർവഹിച്ചു. എ. പ്രദീപ് കുമാർ എം.എൽ.എ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, ജില്ലാ പ്രസിഡന്റ് കെ. പ്രേംനാഥ് എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി. നാരായണൻ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ പി. വിപുൽനാഥ് നന്ദിയും പറഞ്ഞു.