പത്തനംതിട്ട: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനിടെ നിലയ്‌ക്കലിൽ ഭക്തർക്ക് ഉപയോഗിക്കാനായി നിർമിച്ച ശുചിമുറികൾ വൃത്തിയാക്കാത്തതിന് ഉദ്യോഗസ്ഥരെ മന്ത്രി അൽഫോൺസ് കണ്ണന്താനം പരസ്യമായി ശാസിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭക്തർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും യുദ്ധകാല അടിസ്ഥാനത്തിൽ ഒരുക്കണമെന്ന് നിർദ്ദേശിച്ചാണ് മന്ത്രി മടങ്ങിയത് എന്നാൽ ശബരിമലയിലേക്കുള്ള യാത്രയ്‌ക്കിടെ ചെളിയിൽ പുതഞ്ഞ തന്റെ വാഹനം തള്ളിക്കയറ്റുന്ന മന്ത്രിയുടെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
യാത്രയ്‌ക്കിടെ വാഹനം കുഴിയിൽ പെട്ടതോടെ മന്ത്രിക്കുപ്പായം തത്കാലത്തേക്ക് ഊരിവച്ച് കണ്ണന്താനം പുറത്തേക്ക് ഇറങ്ങി മറ്റുള്ളവർക്കൊപ്പം വണ്ടി തള്ളിക്കയറ്റുകയായിരുന്നു. മന്ത്രിയായ തന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം കൂടെയുള്ളവരോട് ചോദിച്ചു. ശബരിമലയിലെ അസൗകര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. അതേസമയം, ശബരിമലയെ സർക്കാർ സംഘർഷ ഭൂമിയാക്കി മാറ്റിരിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു.അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. അയ്യപ്പഭക്തരോട് ഇത്തരത്തിൽ പെരുമാറാൻ അവർ തീവ്രവാദികളല്ല. എന്തുകൊണ്ടാണ് പൊലീസ് ഇങ്ങനെ പെരുമാറിയതെന്ന് പരിശോധിക്കണം. കേരളം പൊലീസ് ഭരണത്തിന് കീഴിലാണെന്ന പ്രതീതിയാണുള്ളത്. നാമജപം നടത്തി പ്രതിഷേധിക്കുന്നതിനാണ് ഭക്തന്മാരെ അറസ്റ്റ് ചെയ്യുന്നത്. ഇത് ജനാധിപത്യത്തിൽ നടക്കുന്ന കാര്യമല്ല.
ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതുമൂലം ശബരിമലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആയിരക്കണക്കിന് പേരുടെ തൊഴിൽ നഷ്ടപ്പെട്ടു. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച കേസ് കോടതിയുടെ മുൻപിലാണുള്ളത്. അതിൽ കോടതി തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ വികസനത്തിനായി കേന്ദ്രം നൽകിയ 100 കോടി ചെലവഴിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനാണ് സന്ദർശനമെന്നും കേന്ദ്രമന്ത്രിയെന്ന നിലയിലാണ് ശബരിമലയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.