ജയ്പൂർ: രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് ബി.ജെ.പി. രാജസ്ഥാനിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി സച്ചിൻ പൈലറ്റിനെതിരെ യൂനസ് ഖാനെ മത്സരിപ്പിക്കാനാണ് ബി.ജെ.പിയുടെ പുതിയ തീരുമാനം. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ടോങ്കിൽ നിലവിലെ മന്ത്രിയാണ് യൂനസ് ഖാൻ. അവസാന നിമിഷം ബി.ജെ.പി സ്ഥാനാർത്ഥിയെ പിൻവലിച്ചത് പരാജയഭീതി മൂലമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.
സിറ്റിംഗ് എം.എൽ.എയായ അജിത് സിംഗ് മേത്തയെ സച്ചിനെതിരെ മത്സരിപ്പിക്കാനായിരുന്നു ബിജെപിയുടെ ആദ്യ തീരുമാനം. ഇതനുസരിച്ച് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുകയും ചെയ്തിരുന്നു. അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. ഖേർവാര മണ്ഡലത്തിലെയും സ്ഥാനാർത്ഥി പട്ടിക അവസാന നിമിഷം ബിജെപി മാറ്റിയിട്ടുണ്ട്. ഡിസംബർ 7നാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ്.