തിരുവനന്തപുരം : ശബരിമലയിൽ ഇന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം സന്ദർശനം നടത്തിയതിന് പിന്നാലെ വരുംദിവസങ്ങളിൽ കൂടുതൽ ബി.ജെ.പി നേതാക്കളെത്തും. ഇതിന് മുന്നോടിയായി തീർത്ഥാടകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസിലാക്കാനായി ബി.ജെ.പി എം.പിമാരായ നളീൻ കുമാർകട്ടീലും വി.മുരളീധരനും നാളെ ശബരിമല സന്ദർശിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
രാവിലെ 10 മണിക്ക് ഇവർ നിലയ്ക്കലിലെത്തും. സംസ്ഥാന സെക്രട്ടറി ജെ.ആർ. പദ്മകുമാറും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുലനാടായും എം.പിമാരെ അനുഗമിക്കും. തുടർന്ന് പമ്പയും സന്നിധാനവും പമ്പയും സന്നിധാനവും എം.പിമാർ സന്ദർശിക്കും. തുടർന്ന് ഇവർ അയ്യപ്പദർശനം നടത്തും.
അതേസമയം, ശബരിമലയെ സർക്കാർ സംഘർഷ ഭൂമിയാക്കി മാറ്റിരിക്കുകയാണെന്ന് ഇന്ന് പമ്പയിലെത്തിയ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ആരോപിച്ചു.അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. അയ്യപ്പഭക്തരോട് ഇത്തരത്തിൽ പെരുമാറാൻ അവർ തീവ്രവാദികളല്ല. എന്തുകൊണ്ടാണ് പൊലീസ് ഇങ്ങനെ പെരുമാറിയതെന്ന് പരിശോധിക്കണം. കേരളം പൊലീസ് ഭരണത്തിന് കീഴിലാണെന്ന പ്രതീതിയാണുള്ളത്. നാമജപം നടത്തി പ്രതിഷേധിക്കുന്നതിനാണ് ഭക്തന്മാരെ അറസ്റ്റ് ചെയ്യുന്നത്. ഇത് ജനാധിപത്യത്തിൽ നടക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.