kiwis

പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്ര് ടെസ്റ്റിൽ ന്യൂസിലൻഡിന് അവിശ്വസനീയ ജയം

അബുദാബി: ചാരത്തിൽ നിന്ന് ഉയർത്തെണീക്കുന്ന ഫീനിക്സ് പക്ഷിയെപ്പോലെ, വിജയ സാധ്യത തരിമ്പ് പോലുമില്ലാതിരുന്ന പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡ് 4 റൺസിന്റെ നാടകീയ ജയം നേടി. അസ്ഥിരതയുടെ തമ്പുരാക്കൻമാർ എന്ന വിശേഷണം ഒരിക്കൽക്കൂടി ശരിയെന്ന് തെളിയിക്കുന്നതായി പാകിസ്ഥാന്റെ തോൽവി. അഞ്ച് വിക്കറ്രുമായി കളം നിറഞ്ഞ അരങ്ങേറ്രക്കാരൻ അജാസ് പട്ടേലിന്റെ തകർപ്പൻ പ്രടകടനമാണ് കിവികളുടെ വിജയത്തിൽ നിർണായകമായത്. അജാസ് തന്നെയാണ് കളിയിലെ കേമൻ. സ്കോർ: ന്യൂസിലൻഡ് 153/10 & 249/10, പാകിസ്ഥാൻ 227/10, 171/10.

അബുദാബി ക്രിക്കറ്ര് സ്റ്രേഡിയത്തിൽ മൂന്നാംദിനം ന്യൂസിലൻഡ് ഉയർത്തിയ 176 റൺസിന്റെ ദുർബലമായ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്ഥാന് മുന്നിൽ രണ്ട് ദിവസവും കൈയിൽ പത്ത് വിക്കറ്റും ഉണ്ടായിരുന്നു. നാലാം ദിനമായ ഇന്നലെ 37/0എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കുമ്പോൾ ആരും പാകിസ്ഥാന്റെ തോൽവിയെപറ്റി ചിന്തിച്ചിരുന്നില്ല. ന്യൂസിലൻഡ് പോലും. എന്നാൽ ഇങ്ങനെ തോൽക്കാൻ തങ്ങൾക്കെ കഴിയുവെന്ന് തെളിയിച്ച് പാകിസ്ഥാൻ 171 റൺസിന് ആൾഔട്ടാവുകയായിരുന്നു. റൺസ് പിന്തുടർന്നുള്ള ഏറ്രവും ചെറിയ അഞ്ചാമത്തെ ജയമാണിത്. മൂന്നാമനായിറങ്ങിയ അസർ അലി (63) അർദ്ധ സെഞ്ച്വറിയുമായി ഒരറ്റത്ത് പൊരുതി നോക്കിയെങ്കിലും വിജയലഷ്യത്തിന് നാല് റൺസ് അകലെ അലിയെ വിക്കറ്റിന് മുന്നിൽ കുടുക്കി അജാസ് പാക് ഇന്നിംഗ്സിന് തിരശീലയിടുകയായിരുന്നു. അജാസിന്റെ അഞ്ചാമത്തെ ഇരയായിരുന്നു അലി. ഇഷ് സോധിയും വാഗ്‌നറും ന്യൂസിലൻഡിനായി രണ്ട് വിക്കറ്ര് വീതം വീഴ്ത്തി.

ഓപ്പണർ ഇമാം ഉൾഹഖിനെ (27) വിക്കറ്രിന് മുന്നിൽ കുടുക്കിയാണ് പട്ടേൽ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.

തൊട്ടുപിന്നാലെ മറ്രൊരോപ്പണർ മൊഹമ്മദ് ഹാഫീസിനെ (10) സോധി ഗ്രാൻഡ് ഹോമെയുടെ കൈയിൽ എത്തിച്ചു. മൂന്ന് ബാളിന്റെ ഇടവേളയിൽ ഹാരിസ് സൊഹൈലിനെ (4) സോധി സ്വന്തം ബൗളിംഗിൽ പിടികൂടിയതോടെ 48/3 എന്ന നിലയിലായി പാകിസ്ഥാൻ. തുടർന്ന് ക്രീസിൽ ഒന്നിച്ച അസർ അലിയും ആസാദ് ഷഫീഖും (45) പ്രതിസന്ധിയിൽ നിന്ന് പാകിസ്ഥാന് വീണ്ടും വിജയ പ്രതീക്ഷനൽകി. അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത് മുന്നേറുകയായിരുന്ന ഈ സഖ്യത്തെ ഒടുവിൽ വാഗ്നർ പാക് സ്കോർ 130ൽ വച്ച് പൊളിക്കുകയായിരുന്നു. ഷഫീക്കിനെ വാട്ലിംഗിന്റെ കൈയിൽ എത്തിച്ചാണ് വാഗ്‌നർ കൂട്ടുകെട്ട് തകർത്തത്. പിന്നീടെത്തിയവർക്കാർക്കും പിടിച്ച് നിൽക്കാനാകാതെ പോയതോടെ പാകിസ്ഥാൻ അവിശ്വസനീയ തോൽവിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.ഇതോടെ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ന്യൂസിലൻഡ് 1-0ത്തിന് മുന്നിലെത്തി.