sabarimala

ന്യൂഡൽഹി: യുവതീ പ്രവേശന വിധി നടപ്പാക്കാൻ സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ ഹർജി നൽകി. ക്രമസമാധാന പ്രശ്നങ്ങളും ശബരിമലയിൽ നിലവിലുള്ള അസൗകര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ഹർജി.

വിധി നടപ്പാക്കാൻ അസാധാരണമായ സുരക്ഷ ഒരുക്കിയിട്ടും ദർശനത്തിനെത്തിയ യുവതികളെ തടയുകയാണ്. ശബരിമലയിൽ നടക്കുന്നത് തെമ്മാടിത്തവും കൈയ്യേറ്റവുമാണ്. അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും ഹർജിയിൽ പരാമർശമുണ്ട്. ഇപ്പോൾ ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. നിലവിൽ 1000ത്തോളം സ്ത്രീകൾ ദർശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. ഈ പ്രശ്നങ്ങൾ നിലനിൽക്കുന്നത് കാരണം യുവതീ പ്രവേശനത്തിന് സാവകാശം അനുവദിക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ വാദം.

നേരത്തെ ശബരിമലയിൽ യുവതീ പ്രവേശന വിധി നടപ്പിലാക്കാൻ ദേവസ്വം ബോർഡിന് സാവകാശം തേടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് നടന്ന ദേവസ്വം ബോർഡ് യോഗത്തിൽ സാവകാശ ഹർജി നൽകാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു. യുവതീ പ്രവേശനം വിധിക്കെതിരെ നൽകിയിരിക്കുന്ന പുനഃപരിശോധന ഹർജികളുടെ വാദം സുപ്രീം കോടതി ജനുവരി 22ന് കേൾക്കും.