solih

മാലി: ചൈനയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ നിന്ന് മാലദ്വീപ് പിന്മാറുകയാണെന്ന് പുതിയ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലി പ്രസ്താവിച്ചു. ലോകത്തിലെ തന്നെ രണ്ടാമത് വലിയ സാമ്പത്തിക ശക്തിയായ ചൈനയുമായി ഇത്തരത്തിൽ ഒരു കരാറിലേർപ്പെട്ടത് മാലദ്വീപിന് അനുയോജ്യമല്ലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാലദ്വീപിൽ ചൈനയുടെ ആഡംബര റിസോർട്ടുകൾ അടക്കമുള്ള നിരവധി വ്യവസായ സംരംഭങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ തീരുമാനം.

ചൈനയും മാലദ്വീപും തമ്മിലുള്ള വ്യാവസായിക അന്തരം വളരെ വലുതാണെന്നും ഇത്തരം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാർ ഉചിതമല്ലെന്നും മാലദ്വീപ് ഡെമോക്രാറ്രിക് പാർട്ടി അദ്ധ്യക്ഷൻ മുഹമ്മദ് നഷീദും അഭിപ്രായപ്പെട്ടു.
സ്വതന്ത്രവ്യാപാര കരാറിനെ തുടർന്ന് രാജ്യം കടക്കെണിയിലാണെന്ന് ശനിയാഴ്ച മാലദ്വീപ് പ്രസിഡന്റായി സ്ഥാനമേറ്റ ഡെമോക്രാറ്രിക് പാർട്ടി നേതാവ് ഇബ്രാഹിം സോലിയും വ്യക്തമാക്കിയിരുന്നു.

സെപ്തംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സോലി പരാജയപ്പെടുത്തിയ മാലദ്വീപ് മുൻ പ്രസിഡന്റ് അബ്ദുള്ള യമീനാണ് ചൈനയുമായി സ്വതന്ത്രവ്യാപാര കരാറിൽ ഒപ്പുവച്ചത്.
മാലിയിലെ ചൈനീസ് എംബസി ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല.

ചൈനയുടെ പ്രധാന വ്യാപാര കേന്ദ്രം

ചൈനയ്ക്ക് കോടിക്കണക്കിന് രൂപ നിക്ഷേപമുള്ള കുഞ്ഞൻ രാജ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് മാലദ്വീപ്. ഹൈവേ, പാർപ്പിടങ്ങൾ തുടങ്ങി ചൈനയുടെ ബെൽറ്ര് ആൻഡ് റോഡ് പദ്ധതി പ്രകാരം വിവിധ രാജ്യങ്ങളിൽ ചൈനയ്ക്ക് നിക്ഷേപമുണ്ട്. ഏഷ്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപാരം വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കേറ്റ വലിയ തിരിച്ചടിയാണ് മാലദ്വീപിന്റെ പുതിയ തീരുമാനം.