police-sabarimala

ശബരിമല: വൃശ്‌ചിക മാസം പുലർന്നുകഴിഞ്ഞാൽ ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് കേരള പൊലീസ് അടുത്തകാലം വരെയും താങ്ങും തണലുമായിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ സ്ത്രീപ്രവേശ വിഷയവുമായി ബന്ധപ്പെട്ട വിധി വന്നതിന് ശേഷം തുടർച്ചയായി ശബരിമലയിൽ എത്തുന്ന ഭക്തരോടുള്ള പൊലീസിന്റെ സമീപനം ഏറെ വിമർശനം ഉയർത്തുന്നതായിരുന്നു.

വ്രതം നോറ്റ് കാനടയായും മറ്റും ദിവസങ്ങളോളം യാത്ര ചെയ്‌ത് ശബരിമലയിൽ എത്തുന്നവർക്ക് നേരിടേണ്ടിവന്നത് പൊലീസിന്റെ കഠിനമായ ചിട്ടവട്ടങ്ങളായിരുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം പതിവായി ദർശനത്തിനെത്തുന്ന പലർക്കും പുതിയ പരിഷ്‌കാരങ്ങൾ ശ്വാസംമുട്ടിക്കുന്ന അനുഭവമായി. ഭക്തർക്ക് വിരിവയ്‌ക്കാൻ ഒരുക്കിയിട്ടുള്ള ഇടങ്ങളെല്ലാം സുരക്ഷയുടെ പേരിൽ അനുമതി നിഷേധിക്കപ്പെട്ടു.

ഒടുവിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശവും കൂടി വന്നതോടെ ഒരു പുനർ ആലോചനയുടെ ഘട്ടത്തിലാണ് കേരളപൊലീസ്. സോഷ്യൽ മീഡിയയിൽ അടക്കം പൊലീസിനെതിരെ കടുത്ത സ്വരങ്ങൾ ഉയർന്ന സാഹചര്യത്തിൽ അതേ നാണയത്തിൽ തന്നെ പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമവും അവർ തുടങ്ങി കഴിഞ്ഞു. ട്രോളുകളുടെയും വീഡിയോകളുടെയുമെല്ലാം രൂപത്തിൽ പ്രതിരോധത്തിന്റെ പാതയിലാണ് കേരള പൊലീസ്.

അതേസമയം, ഇന്ന് കടുത്ത വിമ‌ർശമാണ് ശബരിമല വിഷയത്തിൽ പൊലീസിനെതിരെ ഹൈക്കോടതി നടത്തിയത്. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാൻ പൊലീസിന് എന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു. പൊലീസ് അതിക്രമത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും അടക്കമുള്ളവർക്കും മർദ്ദനമേറ്റെന്നും കോടതി വിമർശിച്ചു.

ഭക്തരെ ബന്ധിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കരുതെന്നും ശബരിമലയിൽ ഇത്ര കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് എന്തിനാണെന്നും കോടതി ചോദിച്ചു. ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതിന്റെ സാഹചര്യമെന്തെന്ന് വിശദീകരിക്കാനും കോടതി അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു.

ഇതുകൂടാതെ, ശബരിമലയിൽ നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പൂർണമായ വിവരങ്ങൾ നൽകണം. ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം അവർക്ക് ലഭിച്ചിട്ടുണ്ടോ എന്നകാര്യം വ്യക്തമാക്കാനും കോടതി നിർദ്ദേശിച്ചു. നിലയ്‌ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിയോഗിച്ചിരിക്കുന്ന പൊലീസുകാർക്ക് ശബരിമല ഡ്യൂട്ടിയിലുള്ള പരിചയം എന്തെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി.