ശബരിമല: ഞായറാഴ്ച രാത്രി മാളികപ്പുറം നടപ്പന്തലിൽ വിരിവച്ചവരിൽ ചിലരോട് സംശയംതോന്നി മടങ്ങിപ്പോകാൻ പൊലീസ് നിർദ്ദേശിച്ചതാണ് ശബരിമല കർമ്മസമിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധത്തിന് കാരണമായത്. വിലക്കുകൾ ലംഘിച്ച് സന്നിധാനത്ത് ചിലർ തങ്ങുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇരുനൂറോളം പേർ പൊലീസ് നടപടികൾക്കെതിരെ രംഗത്തെത്തി.
പ്രതിഷേധക്കാർ വലിയ നടപ്പന്തൽ കൈയേറി നാമജപം ആരംഭിച്ചപ്പോൾ സന്നിധാനം എസ്.പി പ്രതീഷ്‌കുമാർ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ, നടഅടയ്ക്കും വരെ നാമജപവുമായി മുന്നോട്ടുപോയി. ആദ്യം മൗനംപാലിച്ച പൊലീസ്, നടയടച്ച ശേഷം നാമജപത്തിന് നേതൃത്വം നൽകിയ ആർ.എസ്.എസ് നേതാവ് പെരുമ്പാവൂർ സ്വദേശി രാജേഷ്, കണ്ണൻ എന്നിവർ ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്യാൻ നോക്കി. ഇതോടെ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പ്രതിഷേധക്കാർ പൊലീസിനെതിരെ തിരിഞ്ഞു. ഏറെ നേരത്തെ വാക്കുതർക്കത്തിനൊടുവിൽ പൊലീസിനെ മറികടന്ന് രാജേഷ് ഉൾപ്പെടെയുള്ളവർ താഴെ തിരുമുറ്റത്ത് പ്രവേശിച്ച് കുത്തിയിരുന്നു. തുടർന്ന് ഐ.ജി വിജയ് സാക്കറെയുമായി എസ്.പി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.