കൊൽക്കത്ത: ജനാധിപത്യപരമായ ചില അനിവാര്യതകളാണ് പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിച്ചതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു. ഇന്നലെ കൊൽക്കത്തയിൽ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റ് ശൈത്യകാല സമ്മേളനത്തിനു മുമ്പായി പ്രതിപക്ഷ പാർട്ടികൾ തമ്മിൽ സഖ്യം സംബന്ധിച്ച് ധാരണയിലെത്തുമെന്നും നായിഡു അറിയിച്ചു. തൃണമൂൽ - ടി.ഡി.പി സഖ്യസൂചനകൾ ഉറപ്പിക്കുന്നതാണ് ഇന്നലെ നടന്ന ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. അടുത്തമാസം കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിപക്ഷ പാർട്ടി റാലിയിൽ ചന്ദ്രബാബു നായിഡു പങ്കെടുക്കും. പശ്ചിമബംഗാളിലും ആന്ധ്രാപ്രദേശിലും സി.ബി.ഐയ്ക്കുള്ള പൊതു അനുമതി പിൻവലിച്ച നിലപാടിനെ കുറിച്ച് ഇരുവരും കൂടുതൽ വിശദീകരണങ്ങൾ നൽകിയില്ല. രാജ്യത്തെ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും ഭീഷണിയിലാണെന്നും നായിഡു അഭിപ്രായപ്പെട്ടു. ബി.ജെ.പി വിരുദ്ധ സഖ്യം ഉയർത്തിപ്പിടിക്കുന്ന മുഖം ആരാണെന്ന ചോദ്യത്തിന് എല്ലാവരുമാണെന്നായിരുന്നു മമതയുടെ മറുപടി.