vote

റായ്‌പൂർ: ഛത്തീസ് ഗഡ് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് വൻ സുരക്ഷാ വലയത്തിൽ ഇന്നു നടക്കും. പത്തൊൻപതു ജില്ലകളിലെ 72 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. നവംബർ 12ന് 18 മണ്ഡലങ്ങളിലായിരുന്നു ആദ്യഘട്ടം. 90 അംഗ സഭയിലേക്കുള്ള വോട്ടെണ്ണൽ ഡിസംബർ 11നാണ്.

മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ ഒരു ലക്ഷം പൊലീസുകാരെയാണ് സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്.

ഇന്നു മത്സരം നടക്കുന്ന 72 സീറ്റിലും ബി. ജെ. പിയും കോൺഗ്രസും സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ട്. 2013ലെ തിരഞ്ഞെടുപ്പിൽ 43 സീറ്റ് ബി. ജെ. പിക്കു കിട്ടി. 27 സീറ്റുകൾ കോൺഗ്രസിനും ലഭിച്ചു. ബി.ജെ. പിയുടെ ഒൻപതു മന്ത്രിമാരും കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഭൂപേഷ് ബാഗലും പുതിയ പാർട്ടിയുമായി വന്ന അജിത് ജോഗിയും ഇന്നു ജനവിധി തേടുന്നു.

നാലാം വട്ടവും അധികാരത്തിലെത്താൻ ശ്രമിക്കുന്ന ബി. ജെ. പി 65 സീറ്റിൽ കൂടുതൽ പ്രതീക്ഷിക്കുന്നു. പതിനഞ്ചു വർഷമായി പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ് തിരിച്ചുവരവ് ആഗ്രഹിക്കുന്നു. കോൺഗ്രസിൽ നിന്നു വിട്ടുപോയ അജിത് ജോഗി രൂപീകരിച്ച ഛത്തീസ് ഗഡ് ജനതാ കോൺഗ്രസും മായാവതിയുടെ ബി. എസ്. പിയും സി. പി. ഐയും ഒന്നിച്ചു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇവർ എത്ര സീറ്റ് പിടിക്കും എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ.