ലൗസേൻ:നേഷൻസ് ലീഗ് ഫൈനൽസിൽ സ്വിറ്റ്സർലൻഡ് ലോകകപ്പ് സെമി ഫൈനലിസ്റ്റുകളായ ബെൽജിയത്തെ 5-2ന് തകർത്തു. ആവേശകരായ പോരാട്ടത്തിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് അഞ്ച് ഗോൾ തിരിച്ചടിച്ച് സ്വിറ്റ്സർലൻഡ്. തകർപ്പൻ ജയം സ്വന്തമാക്കിയത്. ഹാട്രിക്ക് ഗോളുമായി കളം നിറഞ്ഞ ഹാരിസ് സെഫറോവിച്ചാണ് സ്വിറ്റ്സർലൻഡിന്റെ വിജയ ശില്പി. എൽവെഡിയും പെനാൽറ്റിയിലൂടെ റോഡ്രിഗസും സ്വിറ്റ്സർലൻഡിനായി ലക്ഷ്യം കണ്ടു. തോർഗൻ ഹസാർഡാണ് ബെൽജിയത്തിന്റെ രണ്ട് ഗോളുകളും നേടിയത്. ജയത്തോടെ നേഷൻസ് ലീഗ് എയിൽ ഗ്രൂപ്പ് 2 വിൽ സ്വിറ്റ്സർലൻഡ് ചാമ്പ്യൻമാരായി.നേഷൻസ് ലീഗ് സെമി ഫൈനലിലേക്കും സ്വിറ്റ്സർലൻഡ് യോഗ്യത നേടി.രണ്ടാം മിനിറ്റിൽ തന്നെ തോർഗന്റെ ഗോളിൽ ബെൽജിയം മുന്നിലെത്തി. ഏഴാം മിനിറ്റിൽ തോർഗൻ വീണ്ടും സ്വിറ്റ്സർലൻഡ് വലയിൽ പന്തെത്തിച്ചതോടെ 2-0ത്തിന് ബെൽജിയത്തിന് ലീഡ്.തുടർന്നായിരുന്നു സ്വിസ് പടയോട്ടം.കെവിൻ എംബാബുവിനെ ചാഡ്ലി ബോക്സിൽ ഫൗൾചെയ്തതിന് 26-ാം മിനിറ്റിൽ സ്വിറ്റ്സർലൻഡിന് അനുകൂലമായി പെനാൽറ്രികിട്ടി. കിക്കെടുത്ത് റോഡ്രിഗസ് ബെൽജിയൻ ഗോളി തിബൗട്ട് കൗർട്ടോയിസിനെ മറികടന്ന് പന്ത് സമർത്ഥമായി വലയിലാക്കുകയായിരുന്നു. 31, 44 മിനിറ്റുകളിൽ സെഫറോവിച്ച് ഗോൾ നേടിയതോടെ ഇടവേളയ്ക്ക് മുമ്പ്തന്നെ സ്വിറ്റ്സർലൻഡ് 3-2ന് ലീഡ് നേടി. തുടർന്ന് രണ്ടാം പകുതിയിൽ 62-ാം മിനിറ്റിൽ എൽവിഡി സ്വിസ് അക്കൗണ്ടിൽ നാലാം ഗോൾ എത്തിച്ചു. 84-ാം മിനിറ്റിൽ സെഫറോവിച്ച് സ്വിസ് ഗോൾ പട്ടികയും തന്റെ ഹാട്രിക്കും പൂർത്തിയാക്കുയായിരുന്നു.
ഷർദ്ദാൻ ഷക്കീരി രണ്ട് അസിസ്റ്റുകൾ നൽകി സ്വിസ് വിജയത്തിൽ നിർണായക പങ്കുവഹിച്ചു. മത്സരം ബെൽജിയൻ ഗോളികൗർട്ടോയിസിനും വേദനിക്കുന്ന ഓർമ്മയായി. ചെൽസിയിൽ നിന്ന് റയൽ മാഡ്രിഡിലേക്ക് കൂടുമാറിയ ശേഷം ഫോംകണ്ടെത്താൻ വിഷമിക്കുന്ന കൗർട്ടോയിസ് മൂന്നാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് അഞ്ച് ഗോൾ വഴങ്ങുന്നത്.