-pinarayi-vijayan

കോഴിക്കോട്: ശബരിമലയിൽ പ്രതിഷേധം അതിരുവിട്ട സാഹചര്യത്തിലാണ് സർക്കാർ ഇടപെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് സർക്കാരിന്റെ ഉത്തരവാദിത്തവും ബാധ്യതയുമാണ്. ആചാരങ്ങളുടെ വക്താക്കൾ ചമയുന്നവർ ആചാരലംഘനം നടത്തുന്നത് കേരളം കണ്ടു. ശബരിമല പിടിച്ചെടുക്കാനുള്ള തന്ത്രമാണ് ബി.ജെ.പി സർക്കുലറിന്റെ പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയുടെ അധികാരം ദേവസ്വം ബോർഡിനാണ്. അത് കയ്യടക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. നാടിനെ തകർക്കാൻ ശ്രമിച്ചാൽ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തെ തള്ളിയ കോൺഗ്രസ് നേതൃത്വം അമിത് ഷായുടെ പിന്നാലെ പോകുകയാണ്. പരിഹാസകരമാണ് ഇത്തരം കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ചവിട്ടി കടലിലിടാൻ എ.എൻ രാധാകൃഷ്ണന് കാല് മതിയാവില്ല. ഒരു ഭീഷണിയും ഇവിടെ വിലപ്പോവില്ല. ഒരുപാട് ചവിട്ട് കൊണ്ടിട്ടുള്ള ശരീരമാണിത്. ചവിട്ടി കടലിലിടാൻ വല്ലാത്ത ആഗ്രഹമുണ്ടെങ്കിൽ ഒരു കോലം കെട്ടിയുണ്ടാക്കി കടലിൽ തള്ളി ആശ്വസിക്കൂ. രാധാകൃഷ്ണനോട് പറയാനുള്ളത് സുരേഷ് ഗോപി സിനിമയിൽ പറഞ്ഞ ഡയലോഗാണെന്നും പിണറായി വിജയൻ കോഴിക്കോട് പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന പ്രതിഷേധ കൂട്ടായ്മയിൽ മുഖ്യമന്ത്രിയെ ചവിട്ടി അറബിക്കടലിലെറിയുമെന്നും,​ അദ്ദേഹത്തിന്റെ നയങ്ങൾ വിലപ്പോവില്ലെന്നും ശക്തമായ ജനപ്രതിഷേധം ഉണ്ടാകുമെന്നും ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണൻ പ്രസംഗിച്ചിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.