news

1. ശബരിമലയിലെ പ്രതിഷേധങ്ങൾക്ക് എതിരെ പൊലീസ് നടപടി ശക്തം ആക്കിയ സാഹചര്യത്തിൽ നിലപാട് കടുപ്പിച്ച് ബി.ജെ.പി. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് പിന്നാലെ പൊൻ രാധാകൃഷ്ണൻ മറ്റെന്നാൾ ശബരിമല സന്ദർശിക്കും. ബി.ജെ.പി എം.പിമാരായ നളിൻകുമാർ കട്ടീലും വി. മുരളീധരനും നാളെ ശബരിമലയിൽ എത്തും. രാവിലെ പത്ത് മണിക്ക് നിലയ്ക്കലിൽ നിന്ന് ബി.ജെ.പി പ്രവർത്തകർക്ക് ഒപ്പം മലകയറാനാണ് തീരുമാനം. തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഇല്ലെന്ന പരാതിയെ തുടർന്ന് മനുഷ്യാവകാശ കമ്മിഷനും നാളെ ശബരിമലയിൽ എത്തും.

2. ബി.ജെ.പി നിലപാട് കടുപ്പിച്ചത്, നിരോധനാജ്ഞ ലംഘിക്കാൻ ശബരിമലയിൽ സംഘടിക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെ. അതിനായി ഓരോ ജില്ലയിലെയും നേതാക്കൾക്ക് ചുമതല നൽകുന്ന സർക്കുലറിന്റെ പകർപ്പ് പുറത്ത്. നിരോധനാജ്ഞയും പൊലീസ് നിയന്ത്രണവും മറികടന്ന് പരമാവധി പ്രവർത്തകരെ എത്തിക്കാൻ നിയോജക മണ്ഡലം കമ്മിറ്റികൾക്ക് ബി.ജെ.പി നിർദ്ദേശം. അതേസമയം, സന്നിധാനത്ത് നാമജപവും പ്രതിഷേധവും നടത്തിയതിന് പൊലീസ് കൂട്ട അറസ്റ്റ് നടത്തിയ 68 പേർ റിമാൻഡിൽ.

3. പത്തനംതിട്ട മുൻസിഫ് കോടതി ഇവരെ റിമാൻഡ് ചെയ്തത് 14 ദിവസത്തേക്ക്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിൽ എടുത്ത് ഘട്ടങ്ങൾ ആയാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്. തങ്ങൾ ശരണം വിളിക്കുക മാത്രം ആണ് ചെയ്തത് എന്ന് പ്രതിഷേധക്കാർ വാദിച്ചു എങ്കിലും കോടതി ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു. ഇവരുടെ ജാമ്യാപേക്ഷ കോടതി മറ്റന്നാൾ പരിഗണിക്കും. ഇവർക്ക് എതിരെ നിരോധനാജ്ഞ ലംഘിച്ചതിനും പൊലീസിന്റെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്.

4. സന്നിധാനത്തെ കൂട്ട അറസ്റ്റിൽ സംസ്ഥാനത്ത് നടന്നത് വ്യാപക പ്രതിഷേധം. കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ മാർച്ച് നടത്തി. കൊല്ലം, ആലപ്പുഴ, ആറന്മുള, എറണാകുളം, ഇടുക്കി, പാലക്കാട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പൊലീസ് സ്റ്റേഷനുകൾ ഉപരോധിച്ചു. അതേസമയം, ശബരിമല വിഷയത്തിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി യു.ഡി.എഫും. നിരോധനാജ്ഞ ലംഘിക്കാൻ യു.ഡി.എഫ് ഏകോപന സമിതി തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി എന്നിവർ നാളെ മലകയറും.

5. ശബരിമലയിലെ പൊലീസ് ഇടപെടലിൽ സർക്കാരിനും പൊലീസിനും വിമർശനവുമായി ഹൈക്കോടതി. ക്ഷേത്രപ്രവേശനം സുഗമം ആക്കണം. കോടതിക്ക് വലുത് ഭക്തരുടെ ക്ഷേമം. ടിക്കറ്റ് എടുത്തവരെ നെയ്യഭിഷേകം നടത്താതെ ഇറക്കി വിടരുത്. കേസിൽ കേന്ദ്രസർക്കാരിനെ കക്ഷി ചേർക്കാനും ഹൈക്കോടതി നിർദ്ദേശം. സമാധാനം ഉണ്ടാക്കാൻ രാഷ്ട്രീയ പാർട്ടികൾ പൊലീസുമായി സഹകരിക്കണം. ശബരിമലയിലെ കെ.എസ്.ആർ.ടി.സി സർവീസുകളിൽ പൊലീസ് ഇടപെടരുത് എന്നും ഹൈക്കോടതി. ശബരിമല യുദ്ധമുഖം ആക്കിയതിൽ ഹർജിക്കാർക്കും പങ്കെന്ന് പറഞ്ഞ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

6. സന്നിധാനത്ത് പ്രശ്നം ഉണ്ടാക്കുന്നവരെ ആണ് തടയുന്നത് എന്ന് അറ്റോർണി ജനറൽ കോടതിയിൽ. നിരോധനാജ്ഞ ലംഘിച്ച് നടപ്പന്തലിൽ പ്രകടനം നടത്തിയവരെ ആണ് അറസ്റ്റ് ചെയ്തത്. തീർത്ഥാടകരെ തടഞ്ഞത് സമൂഹിക വിരുദ്ധർ. നടപ്പന്തലിൽ പ്രശ്നം ഉണ്ടാക്കിയത് ആർ.എസ്.എസ് പ്രവർത്തകർ എന്നും അറ്റോർണി ജനറൽ.

7. യുവതി പ്രവേശന വിധി നടപ്പാക്കുന്നതിൽ സാവകാശം വേണമെന്ന് അഭ്യർഥിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാവകാശ ഹർജി സുപ്രീംകോടതിയിൽ. പ്രളയവും പ്രക്ഷോഭവും കാരണം നശിച്ച നിലയ്ക്കലും പമ്പയുടെ തീരവും പുനർ നിർമിക്കുന്നതിലും മറ്റും ശ്രദ്ധകേന്ദ്രീകരിച്ചത് കാരണം ഭക്തർക്കു വേണ്ട പ്രാഥമിക ആവശ്യങ്ങൾ ഒരുക്കാൻ കഴിഞ്ഞില്ലെന്ന് ഹർജി. അസാധാരണ സുരക്ഷ നൽകിയിട്ടും യുവതികളെ തടയുന്നു. കനത്ത സുരക്ഷ ഒരുക്കിയിട്ടും കയ്യേറ്റവും തെമ്മാടിത്തവും നടക്കുന്നു. ദർശനത്തിന് അപേക്ഷ നൽകിയത് ആയിരത്തോളം യുവതികൾ. യുവതി പ്രവേശനം സാധ്യമായിട്ടില്ലെന്നും ഹർജിയിൽ ദേവസ്വം ബോർഡിന്റെ വിശദീകരണം.

8. ശബരിമല യുവതി പ്രവേശന കേസ് നേരത്തെ പരിഗണിക്കാൻ ആകില്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജനുവരി 22ന് മാത്രമേ പരിഗണിക്കൂ. തീരുമാനം എടുക്കാൻ അഞ്ചംഗ ബെഞ്ചിന് മാത്രമേ കഴിയൂ എന്ന് വ്യക്തമാക്കിയ കോടതി യുവതി പ്രവേശന വിധി സ്റ്റേ ചെയ്യണം എന്ന ആവശ്യം നിരസിച്ചു. ജനുവരി 22ന് എല്ലാവർക്കും പറയാൻ ഉള്ളത് കേൾക്കും എന്നും കോടതി.

9. അതിനിടെ, ശബരിമല ദർശനത്തിനായി പൊതു സമൂഹത്തോട് സംരക്ഷണം ആവശ്യപ്പെട്ട് യുവതികളുടെ വാർത്താ സമ്മേളനം. വിശ്വാസി എന്ന നിലയ്ക്കാണ് മാലയിട്ടത് എന്ന് കണ്ണൂർ സ്വദേശിനി രേഷ്മ നിഷാന്ത്. എന്നാൽ ഇതിന്റെ പേരിൽ വീടിന് പുറത്തിറങ്ങാൻ സാധിക്കുന്നില്ല. മലചവിട്ടാൻ സുരക്ഷ നൽകണം എന്ന് ആവശ്യപ്പെട്ട് സർക്കാരിനെയും പൊലീസിനെയും സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചാൽ ദർശനം നടത്തും എന്നും യുവതികൾ.

10. അതിനിടെ, ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികൾക്കൊപ്പം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ സർക്കാരിന് ഒരു പിടിവാശിയും ഇല്ല. കോടതി പറയുന്നതിന് ഒപ്പം നിൽക്കാതെ സർക്കാരിന് ഒന്നും ചെയ്യാൻ ആകില്ല. സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം ഉണ്ടെന്നാണ് കോടതി പറയുന്നത്. കുഴപ്പം കാട്ടാൻ വരുന്നവർക്ക് ഒപ്പം നിൽക്കാൻ ആകില്ല. ശബരിമലയിൽ പ്രശ്നം ഉണ്ടാക്കാൻ ആർ.എസ്.എസ് പദ്ധതി ഇട്ടിരുന്നു എന്നും പിണറായി വിജയൻ.