rbi
rbi

മുംബയ്: കേന്ദ്ര സർക്കാരുമായുള്ള തർക്കത്തിൽ റിസർവ് ബാങ്ക് നിലപാട് മയപ്പെടുത്തുന്നു.

സർക്കാർ നിർദേശങ്ങൾ ഉൾപ്പെടുത്തി മൂലധന ചട്ടങ്ങൾ (എക്കണോമിക് കാപ്പിറ്റൽ ഫ്രെയിംവർക്ക്) പരിഷ്‌കരിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും. ധനകാര്യ മേഖലയിലേക്ക് പണലഭ്യത കൂട്ടാനുള്ള നടപടിയുണ്ടാകും. ചെറുകിട വ്യവസായ സംരംഭങ്ങൾക്കുള്ള വായ്‌പാ ലഭ്യതയും കൂട്ടും.

25 കോടി രൂപവരെയുള്ള എം.എസ്.എം.ഇ വായ്‌പകൾ പുനഃക്രമീകരിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കും. കിട്ടാക്കടം നിയന്ത്രിക്കാൻ പരാജയപ്പെട്ട ബാങ്കുകൾക്കുമേൽ റിസർവ് ബാങ്ക് സ്വീകരിച്ച പി.സി.എ നടപടി, വായ്‌പാ വിതരണത്തെ ബാധിച്ചുവെന്നും ഇത് സാമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയാണെന്നും കേന്ദ്രസർക്കാർ വിമർശിച്ച പശ്‌ചാത്തലത്തിലാണ് ചട്ടങ്ങൾ പുനഃപരിശോധിക്കുന്നത്. ബാങ്കുകളുടെ മൂലധന പര്യാപ്‌തതാ അനുപാതം ഒമ്പത് ശതമാനമായി നിലനിറുത്താനും യോഗം തീരുമാനിച്ചു.

കേന്ദ്ര സർക്കാരുമായുള്ള തർക്കം മുറുകിയ പശ്‌ചാത്തലത്തിൽ ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ ഇന്നത്തെ യോഗത്തിൽ രാജി പ്രഖ്യാപിക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ, സർക്കാർ സമവായത്തിന്റെ പാത സ്വീകരിച്ചതോടെ രാജിനീക്കം ഒഴിവായി. ഡിസംബർ 14ന് റിസർവ് ബാങ്കിന്റെ ഡയറക്‌ടർ ബോർഡ് യോഗം വീണ്ടും ചേരും.