കോഴിക്കോട്: ഈ വർഷം ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളുടെ പട്ടികയിൽ കോഴിക്കോട് നിന്ന് ഒരു മലയാളിയും ഇടം നേടി. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവത്തിക്കുന്ന 'പെൺകൂട്ടി'ന്റെ പ്രവർത്തക വിജിയാണ് പട്ടികയിൽ ഇടം നേടിയത്. അസംഘടിത തൊഴിൽ മേഖലയിൽ സ്ത്രീകളുടെ അവകാശത്തിനായി നിലനിൽക്കുന്ന സംഘടനയാണ് പെൺകൂട്ട്. 2009ലാണ് പെൺകൂട്ട് രൂപികരിച്ചത്. 2012ൽ കോഴിക്കോട് മിഠായി തെരുവിൽ സ്ത്രീകൾക്കായി ശുചിമുറി പണിയണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിലൂടെയാണ് പെൺകൂട്ട് ജനശ്രദ്ധയാകർഷിച്ചു തുടങ്ങിയത്.
കടകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് തുല്യ വേതനവും ഒരു അവധി പോലുമില്ല എന്ന് വിജി പറയുന്നു. ജോലി സമയത്ത് ഒന്ന് ഇരിക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ല. ഇതാണ് ഇരിക്കൽ സമരത്തിന് വഴി വച്ചത്. 2013-14ലാണ് ഇരിക്കൽ സമരം നടന്നത്. സമരത്തിനൊടുവിൽ തുണിക്കടകൾ, ജ്വല്ലറികൾ തുടങ്ങിയ കടകളിലെ എല്ലാ തൊഴിലാളികൾക്കും ഇരിപ്പിടം അനുവദിച്ചു കൊണ്ടുള്ള ബിൽ മന്ത്രിസഭയിൽ പാസായി. തുടർന്നും നിരവധി സമരങ്ങൾ പെൺകൂട്ടിന്റെ നേതൃത്വത്തിൽ നടന്നു.
സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾക്കായി പ്രവർത്തിച്ചതിനാണ് വിജി പട്ടികയിൽ ഇടം നേടിയത്. പട്ടികയിൽ വിജി 73ാം സ്ഥാനത്താണ്. വിജി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ വനിതകൾ പട്ടികയിലുണ്ട്. സുന്ദർബാൻസിലെ ഗ്രാമത്തിലേക്ക് സഞ്ചാര മാർഗം പണിയാൻ പ്രവർത്തിച്ച മീന ഗായെൻ 33ാം സ്ഥാനത്താണ്. പശ്ചിമ ഇന്ത്യയിലെ ആദിവാസി സമൂഹത്തിൽ കാർഷിക മുന്നേറ്രത്തിനായി പ്രവർത്തിച്ച റഹിബി സോമ പോപറെ 76ാം സ്ഥാനത്താണ്. 60 രാജ്യങ്ങളിൽ നിന്നാണ് നൂറ് പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. നൈജീരിയ സ്വദേശി അബിസോയി അജായിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. പെൺകുട്ടികളെ കോഡിംഗ്, വെബ്സൈറ്റ് നിർമാണം തുടങ്ങിയവ പഠിപ്പിക്കുന്ന സംഘടനയുടെ അമരക്കാരിയാണ് അബിസോയി.