sreekumar-menon

മുംബയ് :എസ്കലേറ്രറിൽ നിന്ന് വീണ് സംവിധായകൻ വി.എ. ശ്രീകുമാർ മേനോന് പരിക്കേറ്റു. മുംബയ് എയർപോർട്ടിൽ വച്ചായിരുന്നു അപകടമുണ്ടായത്. 17ന് രാത്രി മുംബയിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.

എസ്കലേറ്ററിൽ മുഖം ഇടിച്ചു വീണ ശ്രീകുമാർ മേനോന്റെ താടിയെല്ലിന് പരിക്കേറ്റു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ബംഗലുരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. നാളെ ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തെ വിധേയനാക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. മോഹൻലാൽ ചിത്രം ഒടിയന്റെ ഡബ്ബിംഗിന് മേൽനോട്ടം വഹിക്കാനായി ശ്രീകുമാർ മേനോൻ കൊച്ചിയിൽ എത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കായി അദ്ദേഹം വീണ്ടും ബംഗലൂരുവിലെത്തും.

ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെന്നൈയിലും മുംബൈയിലുമായാണ് പുരോഗമിക്കുന്നത്. സിനിമ ഈ ആഴ്ച സെൻസറിന് സമർപ്പിക്കാനിരിക്കെയാണ് അപകടം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഒടിയൻ ഡിസംബർ 14നാണ് തിയേറ്ററിലെത്തുന്നത്.