bus
ശബരിമലയിലെ നാമജപ പ്രതിഷേധത്തെ തുടർന്ന് റിമാൻഡിലായ 69 പേരുമായുള്ള വാഹനം പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയപ്പോൾ. ഫോട്ടോ: മനു മംഗലശേരി

പത്തനംതിട്ട: ശബരിമലയിലെ നാമജപ പ്രതിഷേധത്തെതുടർന്ന് ഞായറാഴ്ച രാത്രി അറസ്റ്റുചെയ്ത് റിമാൻഡിലായ 69പേരെ പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചു. ഇവരെ കൊണ്ടുവരുന്നതറിഞ്ഞ് ജയിലിന് മുന്നിൽ നാമജപവുമായി ശബരിമല കർമ്മസമിതി പ്രവർത്തകർ നിലയുറപ്പിച്ചിരുന്നു. ശരണം വിളികളോടെയാണ് അറസ്റ്റിലായവർ ജയിലിനുള്ളിലേക്ക് പ്രവേശിച്ചത്. നാമജപ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയവർ ജയിലിന്റെ മുഖ്യ കവാടം തള്ളിത്തുറന്ന് അകത്തു പ്രവേശിക്കുകയും ചെയ്തു.

ഞായറാഴ്‌ച രാത്രി സന്നിധാനത്ത് നിന്നും പൊലീസ് അറസ്‌റ്റ് ചെയ്‌ത 69 പേരെ പത്തനംതിട്ട മുൻസിഫ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു. ഇവരുടെ ജാമ്യാപേക്ഷ നവംബർ 21ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചിരുന്നു. നടപ്പന്തലിൽ ശരണം വിളിക്കുക മാത്രമാണ് ചെയ്തതെന്ന് അറസ്റ്റിലായവർ വാദിച്ചിരുന്നു. എന്നാൽ നിരോധനാജ്ഞ ലംഘിച്ചെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നുമുള്ള പൊലീസിന്റെ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.