പ്രഖ്യാപനം തുടങ്ങിയ കാലം മുതൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'ഒടിയൻ'. ഇപ്പോൾ പുതിയ നേട്ടവുമായി എത്തിയിരിക്കുകയാണ് ചിത്രം. ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഒടിയൻ. ഐ.എം.ഡി.ബി ലിസ്റ്റിലാണ് ചിത്രത്തിന് നാലാം സ്ഥാനം ലഭിച്ചത്. ഇതാദ്യമായാണ് ഒരു മലയാള സിനിമ ഈ ലിസ്റ്റിൽ ഇടം നേടുന്നത്. മഞ്ചുവാര്യരാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് പ്രേക്ഷകരുമായി സന്തോഷം പങ്കുവെച്ചത്. താരത്തിന്റെ പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. തമിഴ് ഹിന്ദി ചിത്രങ്ങൾക്കൊപ്പമാണ് ഒടിയനും ലിസ്റ്റിൽ ഇടം നേടിയത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മ്യൂസിക്കൽ വീഡിയോയും വൻ ഹിറ്റാണ്.
ഒരുപാട് പ്രത്യേകതകളുമായാണ് ഒടിയൻ എത്തുന്നതെന്ന് അണിയറക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മോഹൻലാൽ എന്ന നടൻ പുതുമുഖ സംവിധായകർക്ക് ഡേറ്റ് കൊടുക്കുന്നത് അപൂർവ്വമാണ്. അത് തന്നെയാണ് പ്രേക്ഷകർക്ക് കൗതുകമായ ആദ്യത്തെ കാര്യം. താരം ചിത്രത്തിന് വേണ്ടി ശരീര ഭാരം കുറയ്ക്കുന്നതും കൗതുകമായി. തുടർന്ന് ഒടിയന്റെ ഓരോ വാർത്തകളും പ്രേക്ഷകർക്ക് ആവേശമായിരുന്നു. ഇപ്പോൾ ചിത്രം റിലീസിനോടടുക്കുമ്പോൾ ഫാൻസ് ഷോയുടെ എണ്ണത്തിലും മലയാളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള മാറ്റങ്ങളാണ് ഒടിയൻ സൃഷ്ടിച്ചിരിക്കുന്നത്. 300ഓളം ഫാൻസ് ഷോകൾ ഇപ്പോൾ തന്നെ ബുക്കിംഗ് കഴിഞ്ഞു. റിലീസിന് മുൻപ് എണ്ണം ഇതിലും കൂടുമെന്നാണ് ആരാധകരുടെ പക്ഷം. ഡിസംബർ 14നാണ് ചിത്രം തീയേറ്ററിലെത്തുക. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസാവും ഒടിയന്റേത്.