അമൂല്യ സംഭാവനകൾ നൽകിയ കോവിലകം
മലയാളഭാഷയ്ക്കും സാഹിത്യത്തിനും അമൂല്യമായ സംഭാവനകൾ നൽകിയ കൊടങ്ങല്ലൂർ കളരി (കോവിലകം) നിരവധി സാഹിത്യകാരന്മാരെയും പണ്ഡിതന്മാരെയും കാഴ്ചവച്ചു.
മലയാളത്തിലെ അനവധി സാഹിത്യപ്രസ്ഥാനങ്ങൾക്കും അത് ജന്മം നൽകി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ കൊടുങ്ങല്ലൂർ രാജവംശത്തെ ചൂഴ്ന്നു വളർന്നുവന്ന പണ്ഡിത കവി സംഘമായിരുന്നു കൊടുങ്ങല്ലൂർ കളരിയുടെ മുഖ്യഅലങ്കാരം. വിദ്വാൻ ഇളയതമ്പുരാനായിരുന്നു ഈ കളരിയുടെ ആചാര്യൻ.
വ്യാകരണത്തിലും തർക്കത്തിലും മഹാപണ്ഡിതനായിരുന്നു ഗോദവർമ്മ തമ്പുരാൻ.
ജ്യോതിഷം, ചിത്രരചന എന്നിവയിലും അദ്ദേഹം വിദഗ്ദ്ധനായിരുന്നു. പണ്ഡിതരാജ കൊച്ചിക്കാവ് തമ്പുരാട്ടിയുൾപ്പെടെ പണ്ഡിതന്മാരുടെ ഒരു പരമ്പരതന്നെ കൊടുങ്ങല്ലൂർ കോവിലകത്തെ അലങ്കരിച്ചിരുന്നു.
ഗോദവർമ്മ തമ്പുരാന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു വെണ്മണി അച്ഛൻ നമ്പൂതിരിപ്പാടും പൂന്തോട്ടവും. ഇത്രയധികം പണ്ഡിതന്മാരും സാഹിത്യപ്രതിഭകളും ഒരു കുടുംബത്തിൽ ഒന്നിച്ചുവെന്നതാണ് കൊടുങ്ങല്ലൂർ കോവിലക സവിശേഷത.
ഛായാശ്ളോകങ്ങൾ
കൊടുങ്ങല്ലൂർ കോവിലകത്തെ മറ്റൊരു സാഹിത്യവിനോദമായിരുന്നു ഛായാശ്ലോകരചന. തങ്ങൾക്ക് പരിചയമുള്ള വ്യക്തികളെ ഒരൊറ്റ ശ്ലോകത്തിൽ വിവരിക്കുന്ന ഈ രചനകളിൽ പലതും നല്ല നർമ്മബോധം പ്രകടിപ്പിക്കുന്നവയായിരുന്നു. ഈ സാഹിത്യവിനോദത്തിനന്റെ ഫലമായി ഒറവങ്കര, വെണ്മണി മഹൻ നമ്പൂതിരി തുടങ്ങിയകവികളെക്കുറിച്ചുമാത്രമല്ല കൊട്ടാരത്തിലെ ചില ആശ്രിതരെക്കുറിച്ചുപോലും പല ഛായാശ്ലോകങ്ങളും രചിക്കപ്പെട്ടു.
വെണ്മണിശൈലി
കൊടുങ്ങല്ലൂർ കളരിയിലെ മിക്കവാറും കവികൾ സംസ്കൃത പണ്ഡിതന്മാരായിരുന്നെങ്കിലും മലയാള ഭാഷാ രീതിയാണ് പലരും കൈക്കൊണ്ടത്. സംസ്കൃത വൃത്തങ്ങൾ ധാരാളമായും ദ്രാവിഡ വൃത്തങ്ങൾ കുറച്ചുമാണ് അവർ ഉപയോഗിച്ചത്.
കത്തുസാഹിത്യം
മലയാളത്തിൽ കത്തു സാഹിത്യത്തിന് പ്രചാരം നൽകിയതും കൊടുങ്ങല്ലൂർ കളരിയാണ്. പദ്യരൂപത്തിലുള്ള എഴുത്തുകൾ അങ്ങോട്ടുമിങ്ങോട്ടുമയക്കുന്ന രീതിയാണിത്. പലസാഹിത്യസംഭവങ്ങളും രഹസ്യങ്ങളും ഇതിലൂടെ വെളിച്ചം കണ്ടിട്ടുണ്ട്.
പച്ചമലയാളം
കൊടുങ്ങല്ലൂർ കളരിയുടെ മറ്റൊരു വിലപ്പെട്ട സംഭാവനയാണ് പച്ചമലയാളം. ഈ ഗണത്തിൽ വളരെ കുറച്ചു കവിതകളേ ലഭിച്ചിട്ടുള്ളൂ. കുഞ്ഞിക്കുട്ടൻ തമ്പുരാനാണ് ഇതിന് ബീജാവാപം ചെയ്തത്. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ വളർത്തിക്കൊണ്ടുവന്ന സംസ്കൃത പദബഹുലമായ മണിപ്രവാളപ്രസ്ഥാനത്തിന്റെ എതിർശബ്ദമായിരുന്നു പച്ചമലയാളത്തിൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച നല്ല ഭാഷ.
ഗദ്യസാഹിത്യ സംഭാവന
ഗദ്യസാഹിത്യത്തിന്റെ പുരോഗതിക്ക് സുപ്രധാനമായ പങ്ക് കൊടുങ്ങല്ലൂർ കളരിവഹിച്ചിട്ടുണ്ട്. വിദ്യാവിനോദിനി, രസികരഞ്ജിനി, കേരളവ്യാസൻ, മംഗളോദനയം എന്നിവയിൽ കളരിയിലെ എഴുത്തുകാരുടെ ഈടുറ്റ ഗദ്യപ്രബന്ധങ്ങൾ കാണാം. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഭാഷാഭാരതമാണ് അക്കൂട്ടത്തിൽ പ്രഥമഗണനീയം
ദ്രുതകവനപാടവം
കൊടുങ്ങല്ലൂർ കളരിയുടെ പ്രധാന സവിശേഷതയായിരുന്നുദ്രുതകവനപാടവം. ഭാഷാ പോഷിണി സഭയുടെ ആഭിമുഖ്യത്തിൽ നടന്ന ദ്രുതകവന മത്സരങ്ങളിൽ കൊടുങ്ങല്ലൂർ കവികളാണ് പലപ്പോഴും വിജയിച്ചിരുന്നത്. 1891 ൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ നൂറ്റിയമ്പതു ശ്ലോകങ്ങൾ ഉള്ള സ്യമന്തകം നാടകം ഒമ്പതുമണിക്കൂർ കൊണ്ടുരചിച്ചു. മുന്നൂറു ശ്ലോകങ്ങളുള്ള നളചരിതമാകട്ടെ പന്ത്രണ്ടു മണിക്കൂർ കൊണ്ടു പൂർത്തിയാക്കി.
അക്ഷരശ്ലോകകമ്പക്കാർ
അക്ഷരശ്ലോകക്കമ്പക്കാരായിരുന്നു മിക്കവാറും കൊടുങ്ങല്ലൂർ കളരിയിലെ സാഹിത്യകാരന്മാർ.
മഹത്തായ കാവ്യ സംസ്കാരവുമായി അടുത്തബന്ധം പുലർത്താൻ അക്ഷരശ്ലോകം സഹായിക്കുന്നു.
കൊടുങ്ങല്ലൂർ കളരിയുടെ അക്ഷരശ്ളോകസദസുകൾ പലതുകൊണ്ടും പുതുമ കലർന്നവയായിരുന്നു. ചില സമയത്ത് ഒരു പ്രത്യേക ഇതിവൃത്തം ആസ്പദമാക്കിയായിരുന്നു അക്ഷരശ്ലോക സദസുകൾ നടത്തിയിരുന്നത്.
നിമിഷകവികൾ
കൊടുങ്ങല്ലൂർ സദസിലെ മിക്കവാറും കവികൾ നിമിഷകവികൾകൂടിയായിരുന്നു. ഒരാൾഒരു പ്രത്യേകവൃത്തത്തിൽ മാത്രം ശ്ലോകം ഉണ്ടാക്കി ചൊല്ലും.
മറ്റൊരാൾ മറ്റൊരു വൃത്തത്തിലായിരിക്കും രചന നടത്തുക. മുൻഗാമി സംസ്കൃതശ്ലോകമാണ് ചൊല്ലിയതെങ്കിൽ അടുത്തയാൾ സംസ്കൃതശ്ളോകത്തിന്റെ മലയാള പരിഭാഷയായിരിക്കും ചൊല്ലുക. ഇങ്ങനെയുള്ള പരീക്ഷണങ്ങളുമുണ്ടായിരുന്നു. അഞ്ചോ ആറോ മണിക്കൂർ തുടർച്ചയായി ഇത്തരം സാഹിത്യസദസുകൾ നടക്കും. അതിനുശേഷവും തങ്ങളുടെ ശ്ലോകങ്ങൾ ആദ്യന്തം ഓർമ്മിക്കാൻ അവർക്കു സാധിച്ചിരുന്നു.
സമസ്യാപൂരണം
കൊടുങ്ങല്ലൂർ കോവിലകത്തെ മറ്റൊരു സാഹിത്യവിനോദമായിരുന്നു സമസ്യാപൂരണം.
'ആറും പിന്നെയൊരാറും ഉണ്ടവ ഗണിക്കുമ്പോളേഴായ് വരും" 'കണ്ടേൻ കറുത്തു രുധിരാംബുനിലാവുപോലെ" കളകമലദല കണ്ണനെൻ കണ്ണിലാമോ തുടങ്ങിയ സമസ്യകളുടെ പൂരണങ്ങളായി ഉണ്ടായിട്ടുള്ള ശ്ലോകങ്ങൾ ഒറ്റ ശ്ലോകങ്ങളുടെ കൂട്ടത്തിൽ നറുമുത്തുകളായി ശോഭിക്കുന്നു.
ഈ പരമ്പരയിൽ ചക്രം തമ്പുരാൻ എന്നറിയപ്പെടുന്ന വിദ്വാൻ ഗോദവർമ്മ, കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ അനുജനും നാട്യശാസ്ത്രവിദഗ്ദ്ധനുമായ ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ എന്ന സംഗീതജ്ഞനുമുണ്ടായിരുന്നു.
കേരളവ്യാസൻ
ഗോദവർമ്മത്തമ്പുരാനെപ്പോലെ മഹാപണ്ഡിതനും തർക്ക വ്യാകരണങ്ങളിൽ നിപുണനുമായിരുന്നു വിദ്വാൻ വലിയ കുഞ്ഞിരാമൻവർമ്മതമ്പുരാൻ. ഇദ്ദേഹത്തിന്റെ മരുമകനാണ് വ്യാസമഹാഭാരതം തർജ്ജമ ചെയ്ത കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. അദ്ദേഹം കേരള വ്യാസൻ എന്നറിയപ്പെടുന്നു.
സമസ്യാപൂരണങ്ങളിൽ കുഞ്ഞിക്കുട്ടൻ തമ്പുരാന്റേതായി പ്രസിദ്ധമായ ഒന്നുണ്ട്. പൂരണത്തിനയച്ച സമസ്യ '000,000,00 എന്നിങ്ങനെ എട്ടു പൂജ്യങ്ങൾ മാത്രമുള്ളതായിരുന്നു. നാലാം പാദം ശൂന്യാക്ഷരങ്ങളാലാണ് രചിക്കേണ്ടതെന്നു മനസിലാക്കി പല കവികളും ആ രീതിയിൽ പൂരിപ്പിച്ചു.പുരാണത്തിലെയും ഇതിഹാസങ്ങളിലെയും നാടകീയരംഗങ്ങൾ ഇതിവൃത്തമാക്കി അതി ദീർഘമായ ഖണ്ഡകാവ്യങ്ങൾ രചിച്ചതും കൊടുങ്ങല്ലൂർ കളരിയിലെ അംഗങ്ങളാണ്. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കൃതിരത്നപഞ്ചകമാണ് ഖണ്ഡകാവ്യപ്രസ്ഥാനത്തിന്റെ ആരംഭം കുറിച്ചത്.
കവികളുമായുള്ള ബന്ധം
വെൺമണി അച്ഛൻ നമ്പൂതിരി, മഹൻ നമ്പൂതിരി, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, ഒറവങ്കര്, ശീവൊളി, മാന്തിട്ട നമ്പൂതിരി,ചാത്തുക്കുട്ടി മന്നാടിയാർ , തെക്ക് നിന്ന് മഹാകവി ഉള്ളൂർ, കെ.സി. കേശവപിള്ള തുടങ്ങിയവരും കൊടുങ്ങല്ലൂർ കളരിയുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു.
സാംസ്കാരിക കേരളത്തിന്റെ ആസ്ഥാനം ഒരു കാലത്തു കൊടുങ്ങല്ലൂർ കളരിയായിരുന്നു.