മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപും തമിഴകത്തിന്റെ ആക്ഷൻ കിംഗ് അർജുനും ഒന്നിക്കുന്നു. ജാക്ക് ഡാനിയൽ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ജയസൂര്യയാണ്.
ജയസൂര്യ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ദ സ്പീഡ് ട്രാക്കിലും ദിലീപായിരുന്നു നായകൻ. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് നിർമ്മിക്കുന്ന ജാക്ക് ഡാനിയലിന്റെ ചിത്രീകരണം അടുത്ത വർഷം ആദ്യം തുടങ്ങാനാണ് പ്ളാൻ.
ദിലീപ് ഇപ്പോൾ ബാങ്കോക്കിൽ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫ. ഡിങ്കനിൽ അഭിനയിച്ച് വരികയാണ്. അമ്പത് ദിവസമാണ് ഡിങ്കന്റെ ബാങ്കോക്ക് ഷെഡ്യൂൾ പ്ളാൻ ചെയ്തിരിക്കുന്നത്. ബാങ്കോക്കിൽ നിന്ന് തിരിച്ചെത്തിയ ശേഷം ദിലീപ് ബി. ഉണ്ണിക്കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന കോടതിസമക്ഷം ബാലൻ വക്കീൽ പൂർത്തിയാക്കും. തുടർന്ന് പ്രൊഫ. ഡിങ്കന്റെ കേരള ഷെഡ്യൂളിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന. ത്രീഡിയിൽ ഒരുങ്ങുന്ന പ്രൊഫ. ഡിങ്കൻ ഓണം റിലീസാണ് ലക്ഷ്യമിടുന്നത്. ന്യൂ ടിവിയുടെ ബാനറിൽ സനൽ തോട്ടം നിർമ്മിക്കുന്ന പ്രൊഫ. ഡിങ്കന്റെ രചന നിർവഹിക്കുന്നത് റാഫിയാണ്. റാഫിയുടെ രചനയിൽ ഷാഫി സംവിധാനം ചെയ്യുന്ന ടൂ കൺട്രീസിന്റെ രണ്ടാം ഭാഗം, റാഫിയുടെ രചനയിൽ ബാലചന്ദ്രകുമാർ സംവിധാനം ചെയ്യുന്ന പിക് പോക്കറ്റ്, ജോഷി ചിത്രം എന്നിവയാണ് ദിലീപിനെ കാത്തിരിക്കുന്ന മറ്റ് പ്രോജക്ടുകൾ.