കോവളം: കോവളം - പോറോഡ് പാലം വരെയുള്ള ബൈപാസ് റോഡിന്റെ ഇരുവശങ്ങളിലും മാലിന്യ നിക്ഷേപം രൂക്ഷമാകുന്നു. നഗരത്തിലെ കോഴിക്കടകളിൽ നിന്നുള്ള അവശിഷ്ടങ്ങളാണ് ചാക്കുകളിലാക്കി ഇവിടങ്ങളിൽ വലിച്ചെറിയുന്നത്. ഒരാഴ്ചമുമ്പ് പാച്ചല്ലൂർ വേങ്കറയ്ക്ക് സമീപം ബൈപാസിലെ മാലിന്യം നിറഞ്ഞ ചാക്കുകെട്ടുകൾ പ്രദേശത്തെ ആരോഗ്യ പ്രവർത്തകർ നഗരസഭയുമായി ബന്ധപ്പെട്ട് നീക്കം ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽതന്നെ ഇറച്ചി മാലിന്യങ്ങൾ വീണ്ടും കൊണ്ടിടുകയാണെന്ന് നാട്ടുകാർ പറയുന്നു. അഴുകിയ മാംസാവശിഷ്ടങ്ങളിൽ നിന്നുള്ള ദുർഗന്ധം കാരണം സമീപത്തെ ബസ് സ്റ്റോപ്പിൽ എത്തുന്ന യാത്രക്കാർ വലയുകയാണ്. രാത്രിയിൽ ആട്ടോറിക്ഷകളിലും മിനി ലോറികളിലുമായാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. തെരുവ് വിളക്കുകളുടെ അഭാവം മാലിന്യം നിക്ഷേപകർക്ക് ഏറെ അനുഗ്രഹമായിരിക്കുകയാണ്. ആയിരത്തിൽപ്പരം ഇറച്ചി വില്പന ശാലകളാണ് നഗരത്തിലുള്ളത്. മാലിന്യങ്ങൾ എടുക്കാൻ ഏജൻസികൾ വരുമെന്നാണ് കടയുടമകൾ പറയുന്നത്. ചില കടകൾ തമിഴ്നാട് സ്വദേശികളെ മാലിന്യം നീക്കംചെയ്യാൻ നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഇവർ ശേഖരിക്കുന്ന മാലിന്യങ്ങൾ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്ന് ആരും അന്വേഷിക്കാറില്ല. മാലിന്യ നിർമ്മാർജ്ജനം കൊട്ടിഘോഷിക്കുന്ന നഗരസഭ പോലും ഇക്കാര്യത്തിൽ നിശബ്ദതയിലാണ്. റോഡരികിൽ കുന്നുകൂടുന്ന മാംസാവശിഷ്ടങ്ങൾ അഴുകി ദുർഗന്ധം വമിക്കുന്ന സാഹചര്യത്തിൽ നാട്ടുകാർ പരാതിപ്പെടുമ്പോൾ മാത്രമാണ് നഗരസഭ ഇവ നീക്കംചെയ്യാൻ തയ്യാറാകുന്നത്. അതേസമയം മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത.
"അജൈവ മാലിന്യ ശേഖരണ കലണ്ടർ നഗരസഭ വിപുലീകരിച്ചിട്ടുണ്ട്. മുട്ടത്തറയിൽ ബൈപാസിനരികിൽ അറവുശാലകളിലെ കോഴിവേസ്റ്റ് ഉൾപ്പെടെയുള്ളവ തള്ളുന്ന വിവരം ശ്രദ്ധയിൽപ്പെട്ടു. ഇവിടെ ചില ഗുണ്ടകളുടെ അറിവോടെയാണ് മാലിന്യങ്ങൾ തള്ളുന്നത്. കാമറ അടക്കമുള്ളവ സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കും."
- വി.കെ. പ്രശാന്ത്
(മേയർ)