പൂവാർ: നാടൻ കലാരൂപങ്ങളെയും ആയോധനകലയെയും പരിപോഷിപ്പിക്കാനായി പൂവാർ പൊഴിക്കരയിൽ സ്ഥാപിച്ച കേന്ദ്രം തകരുന്നത് നാട്ടുകാർക്കും സഞ്ചാരികൾക്കും ഭീഷണി. 1990-ൽ ഡോ. എ. നീലലോഹിതദാസ് സ്പോർട്സ് വകുപ്പ് മന്ത്രിയായിരുന്നപ്പോൾ സ്ഥാപിച്ച ആയോധന പരിശീലന കെട്ടിടങ്ങളാണ് ഇന്ന് അനാഥമായി കിടക്കുന്നത്. പരിപാലനക്കുറവ് മൂലം ജീർണാവസ്ഥയിലായ കെട്ടിടങ്ങളുടെ ജനലുകളും വാതിലുകളും സാമൂഹ്യവിരുദ്ധർ ഇതിനോടകം ഇളക്കി മാറ്റി. പൂർണമായും കരിങ്കല്ലിൽ തീർത്ത് ഓടുപാകി വാർത്ത മേൽക്കൂരയുള്ള കെട്ടിടങ്ങളുടെ പല സ്ഥലങ്ങളിലും ഒാട് ഇളകിപ്പോയിരിക്കുകയാണ്. കരിങ്കൽ ഭിത്തിയും പൊട്ടിപ്പൊളിഞ്ഞു.
ഇതിന്റെ തൊട്ടടുത്തായി പൂവാർ തീരദേശ പൊലീസ് സ്റ്റേഷനുണ്ടെങ്കിലും സംഘമായെത്തുന്നവർ പകൽ സമയത്ത് അതിക്രമിച്ച് കയറി അനാശാസ്യ പ്രവർത്തനം ഇവിടെ നടത്തുന്നതായാണ് പ്രദേശവാസികൾ പറയുന്നു. മഴക്കാലത്ത് പൊഴിക്കരയിലെത്തുന്നവർ ഒതുങ്ങി നില്ക്കാൻ ഓടി കയറുന്നത് ഇതിനുള്ളിലേക്കാണ്. തീരപ്രദേശത്തെ ശക്തമായ കാറ്റിൽ കെട്ടിടം നിലംപൊത്താനുള്ള സാധ്യതയുണ്ടെന്ന് പൂവാർ തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ശാന്തകുമാർ പറഞ്ഞു. പൂവാർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.എസ്. ആനന്ദന്റെ നേതൃത്വത്തിൽ സ്പോർട്സ് ഡിപ്പാർട്ട്മെന്റിന് കൈമാറിയ പഞ്ചായത്ത് വക ഭൂമിയിലാണ് ആയോധനകലാ പരിശീലന-പ്രദർശന കേന്ദ്രം നിർമ്മിച്ചത്. തെക്കൻ കളരിയെ പരിപോഷിപ്പിക്കുന്നതിനും വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനും വേണ്ടിയുള്ള ഒരു കേന്ദ്രമായിരുന്നു ലക്ഷ്യം. ഭരണമാറ്റം വന്നപ്പോൾ ഇതിന്റെ തുടർപ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ആരും തയ്യാറാകാത്തതിനാലാണ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ നിലച്ചതെന്ന് മുൻ മന്ത്രി ഡോ. നീലലോഹിതദാസൻ നാടാർ പറയുന്നു. നിലവിൽ പൊഴിക്കര കാണാനെത്തുന്നവർക്ക് വിശ്രമിക്കാനോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ ഉള്ള സൗകര്യങ്ങൾ ഇല്ല. പൂവാർ ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് ഈ കെട്ടിടങ്ങളെ നവീകരിച്ച് വിശ്രമകേന്ദ്രമാക്കണമെന്നാണ് പ്രദേശത്തെ സാംസ്കാരിക സംഘടനകളുടെ ആവശ്യം.
"ആയോധന പരിശീലന കേന്ദ്രം പഞ്ചായത്തിന്റെ കീഴിൽ അല്ലാത്തതിനാൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല."
-അജിതകുമാരി
പ്രസിഡന്റ്,
പൂവാർ ഗ്രാമപഞ്ചായത്ത്
"പൊഴിക്കരയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് സ്പോർട്സ് ഡിപ്പാർട്ട്മെന്റിന്റെ കൈവശമുള്ള ഭൂമിയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ശ്രമിച്ചു വരികയാണ്."
-എം. വിൻസെന്റ്
കോവളം എം.എൽ.എ