തിരുവനന്തപുരം: നിശബ്ദ കൊലയാളിയായ ഹൈപ്പർടെൻഷൻ അദ്ധ്യാപകരേയും ബാധിക്കുന്നതായി പഠനം. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് കേന്ദ്ര സർക്കാരും ഡിപ്പാർട്ട്മെന്റ് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയും പബ്ളിക് ഹെൽത്ത് ഫൗണ്ടേഷൻ ഒഫ് ഇന്ത്യയും ചേർന്ന് പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളെ കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 2017 ൽ തുടങ്ങിയ പഠനം ഏതാണ്ട് അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് ഈ നിഗമനത്തിൽ എത്തിയത്. അന്തിമ റിപ്പോർട്ട് ഉടൻ തയ്യാറാകും.
തിരുവനന്തപുരം ജില്ലയിലെ നൂറ് സ്കൂളുകളിലെ 30 - 55 വയസിനിടയിലുള്ള 2200 സ്ത്രീ - പുരുഷ അദ്ധ്യാപകരെയാണ് പഠനവിധേയമാക്കിയത്. വിദ്യാഭ്യാസം, വൈവാഹികാവസ്ഥ, കുടുംബാംഗങ്ങളുടെ എണ്ണം, ജോലി, വിശ്രമ വേളകളിലെ പ്രവൃത്തികൾ, പുകയില, മദ്യ ഉപയോഗം തുടങ്ങിയ ഘടകങ്ങളായിരുന്നു പഠനവിധേയമാക്കിയത്. ഇത് കൂടാതെ പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നീ രോഗങ്ങൾക്ക് മരുന്നുകൾ കഴിക്കുന്നുണ്ടോയെന്ന കാര്യവും പരിഗണിച്ചു. ആരോഗ്യ രീതി, ഉപ്പിന്റെ ഉപഭോഗവും കണക്കിലെടുത്തു. പ്രമേഹവും കൊളസ്ട്രോളും സംബന്ധിച്ച വിവരങ്ങൾ അവരിൽ നിന്ന് തന്നെ തേടുകയും രക്തസമ്മർദ്ദം പഠനത്തിന്റെ ഭാഗമായി പരിശോധിക്കുകയുമായിരുന്നു. ആദ്യ ഘട്ടം പൂർത്തിയായി. ഇനി മൂന്ന് മാസത്തിന് ശേഷം വീണ്ടും പരിശോധന നടത്തും.
മരുന്ന് കഴിച്ചാൽ നിയന്ത്രിക്കാവുന്ന അസുഖങ്ങളാണ് മിക്കതും. ഈ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന ഹൈപ്പർടെൻഷനുള്ള അദ്ധ്യാപകരെയാണ് ഇനി കൂടുതൽ നിരീക്ഷിക്കുക. മരുന്ന് കഴിക്കുന്നവരെ യഥാസമയം മരുന്ന് കഴിക്കാൻ ഓർമിപ്പിക്കുക, അവരുടെ ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക, ബി.പി അടക്കമുള്ളവ നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുക എന്നിവയും ചെയ്യും. മൂന്ന് മാസത്തിന് ശേഷം അദ്ധ്യാപകരുടെ ഭാരം, അരക്കെട്ടിന്റെ ചുറ്റളവ്, ഇടുപ്പളവ് എന്നി പരിശോധിക്കും. അരക്കെട്ടിന്റെ ചുറ്റളവ് സ്ത്രീകൾക്ക് 80 ഉം പുരുഷന്മാർക്ക് 90 ഉം ആണ്. അതിന് മുകളിലുള്ളവർക്ക് ഹൈപ്പർടെൻഷൻ വരാനുള്ള സാദ്ധ്യത വലുതാണ്. ഇത് ഹൃദയാഘാതത്തിനും കാരണമായേക്കാം. ഹൈപ്പർടെൻഷൻ സംബന്ധിച്ച ഇത്തരത്തിലൊരു സമഗ്രമായ പഠനം ഇന്ത്യയിൽ തന്നെ ആദ്യമാണെന്ന് ഇതിന് നേതൃത്വം നൽകിയ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ജി.കെ. മിനി പറഞ്ഞു. ഹൈപ്പർടെൻഷൻ അത്രയ്ക്ക് ഭയപ്പെടേണ്ട ഒന്നല്ലെന്നും ശ്രദ്ധിച്ചാൽ ഈ രോഗത്തെ അനായാസം നിയന്ത്രിക്കാനാകുമെന്നും മിനി ചൂണ്ടിക്കാട്ടി. ഈ പഠനം ക്ളിനിക്കൽ ട്രയൽ രജിസ്ട്രി ഒഫ് ഇന്ത്യ (CTRI)യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.