തിരുവനന്തപുരം: 'സിനിമാതാരം ജയനെ അറിയുമോ?" - ചോദ്യത്തിന് മുന്നിൽ അഞ്ചു വയസുകാരി സ്വാതി അമ്പരന്നു. 'അങ്ങാടി' സിനിമയിലെ അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ കിടിലൻ ഇംഗ്ലീഷ് ഡയലോഗുകൾ അവൾ കേട്ടിട്ടില്ലായിരുന്നു. ഒരായിരം ആരാധകരെ കോൾമയിർക്കൊള്ളിച്ച 'ശരപഞ്ജര"ത്തില കുതിരയെ എണ്ണ തേപ്പിക്കുന്ന ജയന്റെ ചിത്രം അവൾക്ക് ഒട്ടും പരിചിതമല്ലായിരുന്നു.
38 വർഷം മുൻപ് തന്റെ 41-ാം വയസിൽ സിനിമയോടും ജീവിതത്തോടും വിടപറഞ്ഞ അനശ്വര നടൻ ജയൻ സ്വാതി ഉൾപ്പെടെ തിരുവല്ലം പൂർണശ്രീ ബാലികാസദനിലെ ഭൂരിഭാഗം കുട്ടികൾക്കും അജ്ഞാതനായിരുന്നു. ശ്രീകുമാരൻ തമ്പിയുടെ വാക്കുകളിലൂടെ ജയനെന്ന നടന വിസ്മയത്തെ വിടർന്ന കണ്ണുകളോടെ അവർ കേട്ടിരുന്നു. അല്പനേരം കഴിഞ്ഞപ്പോൾ കണ്ണും കണ്ണും തമ്മിൽ തമ്മിൽ, കസ്തൂരി മാൻമിഴി തുടങ്ങിയ ഗാനങ്ങൾക്കൊക്കെ അവർ താളമിടാനും ഏറ്റുപാടാനും തുടങ്ങി.
ജയൻ കലാ സാംസ്കാരിക വേദി തിരുവല്ലം പൂർണശ്രീ ബാലികാസദനത്തിൽ സംഘടിപ്പിച്ച 'സ്നേഹത്താരാട്ട്' എന്ന പരിപാടിയിലാണിത്. രാവിലെ മുതൽ ജയൻ കലാ സാംസ്കാരിക വേദി അംഗങ്ങളെല്ലാം ഈ കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കുന്ന തിരക്കിലായിരുന്നു. പ്രായം മറന്ന് അവർ 60ഓളം വരുന്ന ഈ കുട്ടികൾക്കു വേണ്ടി പാട്ടുപാടി, കഥ പറഞ്ഞു. കുട്ടികളുടെ പാട്ടും വിശേഷവും കേട്ട് കൈയടിച്ചു. അവർക്ക് വേണ്ടി സ്നേഹ സദ്യയും ഗാനമേളയും ഒരുക്കി, നടനപ്പുറം വലിയ മനുഷ്യസ്നേഹികൂടിയായ ജയന്റെ പേരിലാണിതൊക്കെയും. ശ്രീകുമാരൻ തമ്പി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജയൻ കലാ സാംസ്കാരിക വേദി പ്രസിഡന്റ് ജി. ജയശേഖരൻ നായർ, ചെയർമാൻ സി. ശിവൻകുട്ടി, ജനറൽ സെക്രട്ടറി മോനീ കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു. ജയന്റെ ചരമദിനമായ 16 ന് ഇ.കെ നായനാർ പാർക്കിൽ നടന്ന അനുസ്മരണയോഗത്തിൽ ജയൻ രാഗമാലിക പുരസ്കാരം നടൻ രാഘവന് സമ്മാനിച്ചിച്ചിരുന്നു.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് ഈ വേദി.
"കുട്ടികൾ വളരെ ഹാപ്പിയാണ്. അവർ പാടുകയും പരിപാടികൾ ആസ്വദിക്കുകയും ചെയ്തു. ഈ ഒരു ദിവസം ഇവരുടെ കൂടെ ചിലവഴിച്ചത് സന്തോഷകരമാണ്. നമ്മളും കുട്ടികളിലൊരാളായി മാറിയെന്നതാണ് രസകരം. ജയൻ ആരാണെന്നൊന്നും ഇവർക്കറിയില്ലായിരുന്നു. അതൊക്കെ പറഞ്ഞു കൊടുക്കുന്നതുതന്നെ സന്തോഷമല്ലേ. എല്ലാ മാസവും ഏതെങ്കിലും അനാഥമന്ദിരത്തിൽ ഇത്തരം ഒത്തുചേരലുകൾ സംഘടിപ്പിക്കാറുണ്ട് ."
- ശ്രീകുമാരൻ തമ്പി