കഴക്കൂട്ടം: തെറ്റിയാറിന്റെ പഴമ വീണ്ടെടുക്കാനായി സർക്കാർ പ്രഖ്യാപിച്ച മിഷൻ 2018 പദ്ധതി പാതിവഴിയിൽ. മാസങ്ങൾക്ക് മുമ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കഴക്കൂട്ടത്ത് ജനകീയ കൺവെൻഷൻ വിളിച്ച് തുടക്കമിട്ട പദ്ധതിയാണ് എങ്ങുമെത്താതെ നിൽക്കുന്നത്. ജനകീയ കൺവെൻഷന് ശേഷം മന്ത്രിയുടെ ചേംബറിൽ കളക്ടറുടെ സാന്നിദ്ധ്യത്തിൽ തെറ്റിയാർ സഹജീവൻ അടക്കമുള്ള പരിസ്ഥിതി സംഘടനകളെ ഉൾപ്പെടുത്തി അവലോകനയോഗവും നടന്നിരുന്നു. തെറ്റിയാറിന്റെ സംരക്ഷണത്തിനും മേൽനോട്ടത്തിനുമായി ജനപ്രതിനിധികളും നാട്ടുകാരും ടെക്നോപാർക്കിലെ വിവിധ കമ്പനി സി.ഇ.ഒമാരും നാട്ടുകാരും കച്ചവടക്കാരുമടങ്ങുന്ന ഒരു സമിതിയെയും നിയോഗിച്ചിരുന്നു. തുടർന്ന് വിവിധ സർവേ പ്രവർത്തനങ്ങളും നടക്കുകയുണ്ടായി.
തെറ്റിയാർ മിഷനുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചെയർമാനായും കളക്ടർ കൺവീനറായും ഒരു സമിതിയും ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്ന നിരവധി ഉപസമിതികൾക്കും രൂപം നൽകിയിരുന്നു. മാത്രമല്ല തെറ്റിയാർ കടന്നുപോകുന്ന അണ്ടൂർക്കോണം, പോത്തൻകോട്, കഴക്കൂട്ടം, പൗണ്ടുകടവ്, ആറ്റിപ്ര, കുളത്തൂർ തുടങ്ങിയിടങ്ങളിൽ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ വാർഡുതല കൺവെൻഷനുകളും നടത്തിയിരുന്നു.തെറ്റിയാർ ശുചീകരണം ഏറ്റെടുക്കാൻ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലെ ജവാൻമാർ സന്നദ്ധത അറിയിച്ചിരുന്നു. കൂടാതെ വിവിധ സംഘടനകളുടെ പിന്തുണയും ലഭിച്ചു. എന്നിട്ടും പദ്ധതി ഇതുവരെ തുടങ്ങാനായില്ല. തെറ്റിയാർ കൈയേറിയ വൻകിടക്കാരുടെ സ്വാധീനത്താൽ പദ്ധതി എങ്ങുമത്താതെ പോകുമോ എന്ന സംശയവും നാട്ടുകാർക്കുണ്ട്. ഈ വർഷം അവസാനത്തോടെ 'മിഷൻ 2018' പൂർത്തിയാക്കുമെന്നായിരുന്നു മന്ത്റി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ അവശേഷിക്കുന്ന രണ്ടുമാസം കൊണ്ട് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. തെറ്റിയാർ തോടിന്റെ ആവശ്യമുള്ളയിടത്ത് സംരക്ഷണഭിത്തികെട്ടി സംരക്ഷിക്കാനും മാലിന്യങ്ങൾ തോട്ടിലേക്കൊഴുക്കുന്നത് തടയാനുമായി കഴക്കൂട്ടത്ത് സ്വിവറേജ് സംവിധാനം ഏർപ്പെടുത്തുമെന്നും അതിനായി ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്റി പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ മെല്ലപ്പോക്ക് കാരണം തെറ്റിയാറിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലാണ്. കുട്ടികൾ ഉൾപ്പെടെയുള്ളവർ അലർജിയും മറ്റ് അസുഖങ്ങളും കാരണം വലയുകയാണ്. നാട്ടുകാരുടെയും പ്രദേശവാസികളുടെയും ഈ ദുരിതാവസ്ഥ മനസിലാക്കി അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവും ഉയർന്നിരിക്കുകയാണ്.
തെറ്റിയാറിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മന്ത്രിയും കളക്ടറും ഇടപെടണമെന്ന് സജ്ഞീവ് എസ്.ജെ, {തെറ്റിയാർ സംരക്ഷണ സമിതി കോർകമ്മിറ്റിയംഗം]