തിരുവനന്തപുരം : പാരമ്പര്യത്തിന്റെ മഹിമയിൽ പകർന്നുകിട്ടിയ കരവിരുതുകൾ, കണ്ണെടുക്കാതെ നോക്കി നിന്നുപോകുന്ന അലങ്കാര വസ്തുക്കൾ, ലോഹത്തിൽ തീർത്ത ആഭരണങ്ങൾ, കാടിന്റെ ഉള്ളറകളിൽ നിന്നു ശേഖരിച്ച അമൂല്യ വനവിഭവങ്ങൾ...
കനകക്കുന്നിലെ സൂര്യകാന്തി ഗ്രൗണ്ടിൽ നടക്കുന്ന 'ക്രാഫ്ട് ബസാർ 2018' എന്ന അഖിലേന്ത്യാ കരകൗശല മേളയിൽ കണ്ണുടക്കുന്ന കാഴ്ചകളേറെയാണ്. കരവിരുതിന്റെയും വനവിഭവങ്ങളുടെയും അദ്ഭുത പ്രപഞ്ചമൊരുക്കിയാണ് മേള കാണികളെ ആകർഷിക്കുന്നത്.
നൂറിലധികം സ്റ്റാളുകളുണ്ട് മേളയിൽ. നേപ്പാളിൽ നിന്നു കൊണ്ടുവന്ന ഏകമുഖ രുദ്രാക്ഷം മുതൽ ദശമുഖ രുദ്രാക്ഷം വരെ, രാജസ്ഥാനിൽ നിന്നുള്ള ജൂട്ട് സാരികൾ, ചണ ചെരുപ്പുകൾ, ചെന്നൈയിൽ നിന്നുള്ള ബാട്ടിക് പെയിന്റിംഗ്, ബംഗാൾ കൈത്തറി സാരി തുടങ്ങിയവ ശ്രദ്ധേയമാണ്.
ഓടിലും പിച്ചളയിലും പണിത ഗൃഹാലങ്കാര സാധനങ്ങൾ, ഒഡിഷയിലെ ഗോത്ര ശില്പങ്ങൾ, ബനാറസ്, ബംഗാൾ, മധുര എന്നിവിടങ്ങളിൽ നിന്നുള്ള പരമ്പരാഗത സാരികൾ, കളിമണ്ണ് ഉപയോഗിച്ച് നിർമ്മിച്ച കൂജകൾ, കളിമൺ പാത്രങ്ങൾ, കേരളത്തിന്റെ ബ്രാൻഡഡ് ഉത്പന്നമായ ആറന്മുള കണ്ണാടി, ആമാടപെട്ടി എന്നിവയും മേളയെ ആകർഷകമാക്കുന്നു.
വയനാട്ടിൽ നിന്നുള്ള പാരമ്പര്യ മർമ്മ വൈദ്യൻ രാമചന്ദ്രൻ ഗുരുക്കൾ വനവിഭവങ്ങളുടെ അമൂല്യ ശേഖരവുമായാണ് എത്തിയിട്ടുള്ളത്. ദന്തപ്പാനയും പുൽതൈലവും രാമച്ചവും എല്ലാം വൈദ്യരുടെ കൈയിലുണ്ട്. ഉൾകാട്ടിൽ മാത്രമുള്ള മൂവീട്ടി മരത്തിന്റെ കാതൽ ഉപയോഗിച്ച് നിർമ്മിച്ച വിവിധ ഇനം മസാജർ ആണ് മറ്റൊരു പ്രത്യേകത. കസേരയിൽ ഇരുന്ന് കാൽ പാദം ചവിട്ടി മസാജ് ചെയ്യുന്ന ദണ്ഡ് രൂപത്തിലുള്ള മസാജറും ഇവിടെ ഉണ്ട്.
ചെന്നൈയിൽ നിന്നുള്ള ബാട്ടിക് പെയിന്റിംഗ് സ്റ്റാളിലെ ചിത്രങ്ങൾ ഏറെ കൗതുകകരമാണ്. പ്രത്യേക രചനാ ശൈലിയിൽ ഏറെ സങ്കീർണമായവിധം തുണിയിൽ വരച്ചു ചേർക്കുന്ന ബാട്ടിക് പെയിന്റിംഗിന് 3000 മുതൽ 5000 രൂപ വരെ വിലയുണ്ട്. ഫ്രെയിം ചെയ്തു ചുവരിൽ സ്ഥാപിച്ചാൽ എത്രവർഷം കഴിഞ്ഞാലും നിറം മങ്ങാതെ പുതുമയോടെ നിലനിൽക്കും എന്നതാണ് പ്രത്യേകത. വെൽവെറ്റ് തുണിയിൽ ഓയിൽ പെയിന്റിംഗ് നടത്തി പ്രത്യേക ഇനാമൽ പോളിഷ് ചെയ്ത ചിത്രങ്ങളും വില്പനയ്ക്കുണ്ട്.
രാജസ്ഥാനിലെ പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങൾ വിൽക്കുന്ന സ്റ്റാളാണ് മറ്റൊരു പ്രത്യേകത. ബ്ലാക്ക് മെറ്റൽ, കോപ്പർ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച കമ്മലുകൾ, നെക്ലേസുകൾ, കൊലുസുകൾ, ലോക്കറ്റ് എന്നിവ ഏറെപ്പേരെ ആകർഷിക്കുന്നുണ്ട്.
പരമ്പരാഗത പൊച്ചംപള്ളി കോട്ടൺ സാരികൾ, മംഗലഗിരി സാരികൾ, കലംകാരി, വസുന്ധര പട്ട്, സുഗന്ധ കോട്ടൺ എന്നിവയും സ്റ്റാളിൽ ഉണ്ട്.
ടെറാക്കോട്ടയിൽ നിർമ്മിച്ച ബുദ്ധ ശില്പത്തിന് വില 250 മുതൽ 450 രൂപ വരെയാണ്. മൺകലത്തിലെ വെള്ളം കുടിക്കാൻ കല്ലുപെറുക്കിയിടുന്ന കാക്കയുടെ ചെറിയ ശില്പവും ഏറെ മനോഹരമാണ്.
സംസ്ഥാന കരകൗശല വികസന കോർപറേഷൻ നടത്തുന്ന എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാളിൽ പാരമ്പര്യ തനിമയുള്ള നിരവധി വസ്തുക്കളാണ് വില്പനയ്ക്കുള്ളത് .ആറന്മുള കണ്ണാടി, ജുവലറി ബ്ലോക്സ്, നിലവിളക്കുകൾ, നിറപറ, വള്ളത്തിന്റെ മാതൃക, പായ്ക്കപ്പൽ, സ്പൈസസ്, കഥകളി തുടങ്ങിയവ ഉൾപ്പെടെ കേരളത്തിന്റെ മുഖമുദ്രയുള്ള ഉത്പന്നങ്ങൾ ഇവിടെയുണ്ട്.
തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള സ്റ്റാളിൽ വിവിധ മുഖങ്ങളിലുള്ള രുദ്രാക്ഷങ്ങൾക്ക് പുറമെ നവഗ്രഹ മാല, സ്ഫടിക ശിവലിംഗം, സാലിഗ്രാം എന്നിവയുമുണ്ട്. നിർമ്മിതി പരിശീലന കേന്ദ്രത്തിന്റെ കീഴിൽ നിർമിച്ച മൺപാത്ര സ്റ്റാളിൽ മൺതവിയും പാത്രങ്ങളും മാത്രമല്ല പുട്ടുകുടവും പുട്ടുകുറ്റിയും വരെ മണ്ണിൽ നിർമ്മിച്ചിരിക്കുന്നു. ദേശീയ ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ സ്പോൺസർഷിപ്പുമായി നടക്കുന്ന മേള 23ന് സമാപിക്കും.