തിരുവനന്തപുരം: ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താൻ ചലച്ചിത്ര അക്കാഡമി ഏറെ വിയർക്കേണ്ടി വരുമെന്ന് വ്യക്തമായി. പ്രതീക്ഷിക്കുന്ന ഡെലിഗേറ്റുകൾ പോലും മേളയ്ക്ക് എത്തില്ലെന്നാണ് ഇപ്പോഴത്തെ സൂചനകൾ. സാധാരണ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞാൽ തിരക്ക് കാരണം വെബ്സൈറ്റ് ഹാങ്ങാകും. ഇത്തവണ അതുണ്ടായില്ല. കഴിഞ്ഞ 9നായിരുന്നു ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സിനിമയുടെ ചുമതലയുള്ള മന്ത്രി എ.കെ. ബാലനും
2000 രൂപ നൽകി ഡെലിഗേറ്റായി. എന്നാൽ പത്തു ദിവസം പിന്നിട്ടിട്ടും ആകെ രജിസ്റ്റർ ചെയ്തതത് വെറും 5,800 പേരാണ്. കഴിഞ്ഞ തവണ ആദ്യ ദിനം രജിസ്റ്റർ ചെയ്തവർ 7,000 പേരായിരുന്നു ! ഇവിടത്തെ ചലച്ചിത്രോത്സവം നടത്തിപ്പ് ത്രിശങ്കുവിലായപ്പോൾ തന്നെ പലരും ഗോവയിലെ ഐ.എഫ്.എഫ്.ഐ ആസ്വദിക്കാൻ തീരുമാനിച്ചു. അവിടെ ഇത്തവണയും ആയിരം രൂപയാണ് ഡെലിഗേറ്റ് ഫീസ്.
പ്രളയാനന്തരമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ഒരിക്കൽ വേണ്ടെന്നു വച്ചതാണ് ചലച്ചിത്രമേള. എന്നാൽ പ്രമുഖരായ സംവിധായകരുടെയും ചലച്ചിത്ര അക്കാഡമിയുടെയും നിർബന്ധ പ്രകാരം സർക്കാർ മേള നടത്തുന്നതിന് വഴങ്ങുകയായിരുന്നു. മൂന്നരക്കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ചലച്ചിത്രമേളയ്ക്ക് സർക്കാരിന്റെ കൈയിൽ നിന്നു പണം വാങ്ങാതെ ഡെലിഗേറ്റ് ഫീസ് പിരിച്ചും സ്പോൺസർമാരെ കണ്ടെത്തിയും പണം സ്വരൂപിക്കാമെന്നായിരുന്നു അക്കാഡമി കൊടുത്ത വാക്ക്.
10,000 പാസ് വിൽക്കുന്നതിലൂടെ കിട്ടുന്ന രണ്ട് കോടി, സ്പോൺസർമാരിൽ നിന്നു കണ്ടെത്തുന്ന ഒന്നരക്കോടി ഇതൊക്കെയായിരുന്നു അക്കാഡമിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ വർഷം ഡെലിഗേറ്റ് ഫീസ് 650 രൂപയായിരുന്നു. പ്രളയത്തിന്റെ പേരു പറഞ്ഞ് ഡെലിഗേറ്റ് ഫീസ് ഉയർത്തിയതുകൊണ്ടാണ് ആരും പ്രതിഷേധിക്കാത്തത്. ചെലവു ചുരുക്കിയുള്ള മേളയിൽ മികച്ച സിനിമകളൊന്നും ഉണ്ടാകില്ല എന്ന ധാരണ പരന്നതും ഡെലിഗേറ്റുകളെ അകറ്റുന്നതിന് കാരണമായി. സ്പോൺസർമാരെ കണ്ടെത്താൻ ഐ.എഫ്.എഫ്.കെ ചലഞ്ച് എന്ന പേരിൽ ഒരു കാമ്പെയിൻ നടത്താൻ ശ്രമിച്ചെങ്കിലും അതും ഏശിയില്ല. സ്പോൺസർമാരുടെ വകയിൽ ഇതുവരെ 50,000 രൂപ പോലും ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല എന്നാണറിയാൻ കഴിഞ്ഞത്.
"മറ്റ് ജില്ലകളിൽ നിന്ന് ഇവിടെ എത്തുന്ന ഡെലിഗേറ്റുകൾക്ക് താമസം, ഭക്ഷണം എന്നീ വകയിൽ നല്ലൊരു തുക ചെലവാകും. അതിനൊപ്പം എടുത്താൽ പൊങ്ങാത്ത ഫീസുകൂടിയായാൽ എന്തു ചെയ്യും? ഇത്തവണ മേള ഒഴിവാക്കുകയാണ്."
-ലിജോ, മുൻ ഡെലിഗേറ്റ്