vijay-

ചെന്നൈ: തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് തമിഴിന്റെ സ്വന്തം 'മക്കൾ സെൽവൻ' വിജയ് സേതുപതി. സിനിമാലോകത്ത് വിജയത്തിന്റെ വെന്നിക്കൊടിപാറിക്കുമ്പോഴും വന്ന വഴി മറക്കുന്നവനല്ല വീണ്ടും തെളിയിച്ചിരിക്കുകയാണ് വിജയ്. ജാതിമത ഭേദമന്യേ ദുരിതം പേറുന്നവർക്കും ജീവിതത്തിൽ ബുദ്ധിമുട്ടുന്നവർക്കും തന്നാൽ കഴിയുന്ന സഹായവുമായി മുന്നിലുണ്ടാവും വിജയ്. ഗജ ചുഴലിക്കാറ്റ് തമിഴ് നാട്ടിൽ താണ്ഡവമാടിയപ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 25ലക്ഷം രൂപ ഇദ്ദേഹം സംഭാവന ചെയ്തു താരം.

രാമനാഥപുരം, പുതുക്കോട്ടൈ, കടലൂര്‍, തഞ്ചാവൂര്‍, നാഗപട്ടിണം, തിരുവാരൂര്‍ തുടങ്ങിയ ഗ്രാമപ്രദേശങ്ങളാണ് ഗജയുടെ ശക്തി ശരിക്കുമറിഞ്ഞത്. ഗജ ആഞ്ഞടിച്ച പ്രദേശങ്ങളിൽ തോട്ടകൃഷികളുൾപ്പെടെ വൻ കൃഷിനാശമാണുണ്ടായത്. പതിനായിരക്കണക്കിന് ആളുകളുടെ ജീവനമാർഗ്ഗങ്ങളും ഗജയുടെ താണ്ഡവത്തിൽ താറുമാറായി. മൂന്ന് ഘട്ടങ്ങളിലായി ഒമ്പത് മണിക്കൂറാണ് ഗജ കരയിൽ വിഹരിച്ചത്. വിവിധ ജില്ലകളിലായി ഇതുവരെ 45 മരണം റിപ്പോർട്ട് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10ലക്ഷം രൂപയും പരിക്കേറ്റവർക്ക് 1ലക്ഷം രൂപയും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.

വിവിധയിടങ്ങളിൽ 93 കിലോമീറ്റർ മുതൽ 111കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗം രേഖപ്പെടുത്തിയത്. പുതുച്ചേരിയിൽ തിരമാലകൾ 8 മീറ്റർ ഉയരത്തിൽ വരെയെത്തിയിരുന്നു. പാമ്പൻ പാലം പൂർണമായും മുങ്ങി. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. നൂറുകണക്കിന് വൃക്ഷങ്ങൾ കടപുഴകി. പലയിടങ്ങളിലും ഗതാഗതം നിലച്ചു.