rehna-fathima

കൊച്ചി: ശബരിമലയിൽ ആചാര ലംഘനം നടത്താൻ ശ്രമിക്കുകയും മതവികാരം വ്രണപ്പെടുത്തിയതിന് ക്രിമിനൽ കേസിൽ പ്രതിയാവുകയും ചെയ്ത രഹ്ന ഫാത്തിമയെ ബി.എസ്.എൻ.എൽ അധികൃതർ വഴിവിട്ട് സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി വ്യവസായ സെൽ സംസ്ഥാന കൺവീനറും ശബരിമല കർമ്മസമിതി അംഗവുമായ സി.വി.സജിനി ആരോപിച്ചു. ബി.എസ്.എൻ.എൽ പാലാരിവട്ടം എക്സ്‌ചേഞ്ചിലെ ടെലിഫോൺ മെക്കാനിക്കാണ് രഹാന. കഴിഞ്ഞ ശനിയാഴ്ച ഹർത്താൽ ദിനത്തിൽ ഇവർ ഒപ്പിട്ട ശേഷം മുങ്ങി.

പിന്നെ വൈകിട്ട് വയനാട്ടിൽ ശബരിമല ഐക്യ ദാർഢ്യ സമിതിയുടെ പരിപാടിയിലാണ് പ്രത്യക്ഷപ്പെട്ടത്. ജീവനക്കാർ ഡ്യൂട്ടി സമയത്ത് ഓഫീസിന്റെ പത്തു കിലോമീറ്റർ പരിധിക്ക് പുറത്ത് പോകണമെങ്കിൽ രേഖാമൂലം അനുമതി വേണമെന്നാണ് ബി.എസ്.എൻ.എൽ ചട്ടം. ഇതെല്ലാം നഗ്നമായി ലംഘിച്ചിട്ടും ഇവർക്ക് ഒത്താശ ചെയ്യുകയാണ് അധികൃതർ. ഇവർക്കെതിരെ കർശന നടപടി വേണമെന്ന് സജിനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.