പത്തനംതിട്ട: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നിരോധനാജ്ഞ ലംഘിക്കാൻ യു.ഡി.എഫ് സംഘം ഇന്ന് ശബരിമല കയറും. ഉമ്മൻചാണ്ടി, എം.കെ. മുനീർ, പി.ജെ. ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ, ജോണി നെല്ലൂർ, സി.പി. ജോൺ, ജി. ദേവരാജൻ, ബെന്നി ബഹനാൻ എന്നിവരും സംഘത്തിലുണ്ടാവും. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് സംഘം മലകയറുന്നത്.
ശബരിമല പോലെയുള്ള ഒരു തീർത്ഥാടന കേന്ദ്രത്തിൽ ആളുകൾ ഒരുമിച്ച് കൂടുന്നത് നിരോധിച്ചത് ഭക്തരോടുള്ള വെല്ലുവിളിയാണെന്നാണ് യു.ഡി.എഫ് നിലപാട്. ശബരിമല വിഷയത്തിൽ കൂടുതൽ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായാണ് നേതാക്കൾ ഇന്ന് ശബരിമലയിലെത്തുന്നത്.
അതേസമയം, ശബരിമല തീർത്ഥാടകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസിലാക്കാനായി ബി.ജെ.പി എംപിമാരായ നളീൻ കുമാർ കട്ടീലും വി.മുരളീധരനും ഇന്ന് ശബരിമല സന്ദർശിക്കും. രാവിലെ 10ന് ഇവർ നിലയ്ക്കലിലെത്തും. സംസ്ഥാന സെക്രട്ടറി ജെ.ആർ. പദ്മകുമാറും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുലനാടായും എം.പിമാരെ അനുഗമിക്കും.പമ്പയും സന്നിധാനവും എം.പിമാർ സന്ദർശിക്കും. തുടർന്ന് അയ്യപ്പ ദർശനം നടത്തും.